തിരുവനന്തപുരം: എറണാകുളം കിഴക്കമ്പലത്ത് ഇതരസംസ്ഥാന തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന ക്രിമിനൽ കേസുകളുടെ വിവരങ്ങളും പുറത്തുവന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതരസംസ്ഥാന തൊഴിലാളികൾ മാത്രം പ്രതികളായിട്ടുള്ള 3,650 ക്രിമിനൽ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് സർക്കാർ പറയുന്നു.
15-ാം നിയമസഭയുടെ മൂന്നാം സമ്മേളനത്തിൽ നജീബ് കാന്തപുരം എം.എൽ.എയുടെ ചോദ്യത്തിന് ആഭ്യന്തര വകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഇതരസംസ്ഥാന തൊഴിലാളികൾ ഉൾപ്പെട്ട സിവിൽ കേസുകളുടെ വിവരങ്ങൾ പക്ഷെ സർക്കാരിന്റെ പക്കൽ ലഭ്യമല്ലായെന്ന വിവരമാണ് മറുപടിയിലുള്ളത്.
2016 മുതൽ 2020 വരെയുള്ള വർഷങ്ങളിലെ കേസുകളുടെ എണ്ണമാണ് മുഖ്യമന്ത്രി നൽകിയ മറുപടിയിലുള്ളത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ലോക്ഡൗൺ നിലനിന്ന 2020-ൽ മാത്രമാണ് കേസുകളുടെ എണ്ണം താരതമ്യേന കുറഞ്ഞ് നിന്നിട്ടുള്ളത്. എന്നാൽ ഇതുമാറ്റിവെച്ച്, മറ്റ് നാല് വർഷങ്ങളുടെ കണക്കുകൾ നോക്കിയാൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
2016-ൽ 639 കേസുകളാണെങ്കിൽ 2017 ആയപ്പോൾ 744 കേസുകൾ എന്നനിലയിലേക്ക് അത് വർധിച്ചു. 2018ൽ 805, 2019-ൽ 978, 2020-ൽ 484 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇതരസംസ്ഥാന തൊഴിലാളികൾ രക്ഷപ്പെടാൻ നാടുവിടുന്ന സാഹചര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ പറയുന്നു. ഇങ്ങനെ നാടുവിടുന്നവരെ കണ്ടെത്തി പിടികൂടുന്നതിന് അതത് സംസ്ഥാനത്തെ പോലീസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു.
ഒക്ടോബറിലാണ് 15-ാം നിയമസഭയുടെ മൂന്നാമത് സമ്മേളനം നടന്നത്. ഈ സമയത്ത് ചോദിച്ച ചോദ്യങ്ങളുടെയും അതിന് നൽകിയ മറുപടിയുമാണ് ഇപ്പോൾ വാർത്താ പ്രാധാന്യം നേടുന്നത്.
content highlights: more than 3000cases registered against migrant labours in five years