തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ ദീർഘദൂര യാത്രനടത്തുന്നവർക്ക് ഒരു സന്തോഷവാർത്ത. ഓൺലൈൻ ടിക്കറ്റ് റിസർവേഷനും, ടിക്കറ്റ് ക്യാൻസലേഷനും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കോർപ്പറേഷൻ. നിലവിൽ ടിക്കറ്റ് ഓൺലൈൻ ബുക്ക് ചെയ്യുന്നതിനുള്ള റിസർവേഷൻ നിരക്ക് 30 രൂപയാണ്. ഇത് 10 രൂപയായി കുറച്ചു. കൂടാതെ യാത്ര തുടങ്ങുന്നതിന് 72 മണിക്കൂർ മുൻപ് വരെ ടിക്കറ്റ് ക്യാൻസൽ ചെയ്യുന്നതിന് ക്യാൻസലേഷൻ ചാർജ് ഈടാക്കുകയുമില്ല. ജനുവരി ഒന്നുമുതൽ തീരുമാനം നടപ്പിലാകും.
ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ള ക്യാൻസലേഷൻ അനുവദിക്കില്ല. 72 മണിക്കൂറിനും 48 മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനവും 48 മണിക്കൂറിനും 24 മണിക്കൂറിനും ഇടയിൽ 25 ശതമാനം, 24 മണിക്കൂറിനും 12 മണിക്കൂറിനും ഇടയിൽ 40 ശതമാനം, 12 മണിക്കൂറിനും രണ്ട് മണിക്കൂറിനും ഇടയിൽ ക്യാൻസൽ ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 50 ശതമാനവും ക്യാൻസലേഷൻ നിരക്ക് നൽകിയിൽ മതിയാകും.
കെ.എസ്.ആർ.ടി.സിയുടെ ഫ്രാഞ്ചൈസി/കൗണ്ടർ വഴി റിസർവ് ചെയ്യുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് യാത്രാതീയതി ചില നിബന്ധനകൾക്ക് വിധേയമായി മുന്നോട്ടോ പിന്നോട്ടോ മാറ്റി നൽകും. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീർഘദൂര യാത്രക്കാരന് തന്റെ യാത്ര അപ്പോൾ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂൾ ചെയ്യാനും സാധിക്കും.
മാത്രമല്ല നാലുപേരിൽ കൂടുതൽ പേർക്ക് ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ഒരു ടിക്കറ്റിന്റെ റിസർവേഷൻ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്കയാത്ര ടിക്കറ്റ് ഉൾപ്പെടെ ഒരുമിച്ച് ബുക്ക് ചെയ്താൽ അടിസ്ഥാന നിരക്കിന്റെ 10 ശതമാനം ഇളവും അനുവദിക്കും. അന്തർസംസ്ഥാന സർവീസിൽ റിസർവ് ചെയ്ത യാത്രക്കാർക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷൻ പോയന്റിൽ എത്തിച്ചേരുന്നതിന് കെ.എസ്.ആർ.ടി.സിയുടെ ലഭ്യമായ എല്ലാ സർവീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിന് വേണ്ടി യാത്രാരേഖയും ഐ.ഡി. കാർഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിക്കൂറിനുള്ളിൽ 30 കിലോ മീറ്റർ വരെ മാത്രമെ ഈ സൗജന്യം ലഭിക്കുകയുളളൂ.
content highlights:ksrtc introduces reduction in online ticket reservation and cancellation rate