ആലപ്പുഴ: എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനെ കൊലപ്പെടുത്തിയ കേസിൽനിർണായക തെളിവുകൾ ലഭിച്ചു. പ്രതികൾ കൊല നടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന വാളുകൾ കണ്ടെടുത്തു. കൃത്യത്തിൽ പങ്കെടുത്തവരടക്കം ആർഎസ്എസ് പ്രവർത്തകരായ അഞ്ചു പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് വാളുകൾ കണ്ടെടുത്തത്.പുല്ലംകുളത്തിന് സമീപം ഒരു കുറ്റിക്കാട്ടിൽ നിന്നാണ് വാളുകൾ കണ്ടെടുത്തതെന്നാണ് വിവരം.അതേസമയം, ഇക്കാര്യത്തിൽ പോലീസ് ഔദ്യോഗിക വിശദീകരണമൊന്നും നൽകിയിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു.
ഷാന്റെ മരണത്തിന് മണിക്കൂറുകൾക്കകം ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായർ പുലർച്ച ആറരയോടെ ഒരു സംഘം വീട്ടിൽക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.