മുസ്ലിം ലീഗ് ചിലപ്പോൾ യുഡിഎഫിലെ ഒന്നാമത്തെ പാർട്ടിയാണെന്ന് ചിലപ്പോൾ അവർ കരുതുന്നു. കേരളത്തിലെ എൽഡിഎഫ് സർക്കാരിനു കീഴിൽ മുസ്ലിങ്ങൾക്ക് രക്ഷയില്ലെന്ന് വരുത്തി തീർക്കാൻ നോക്കി. ലീഗിന്റെ സമ്മേളനത്തിലെ ആൾക്കൂട്ടം സ്വയംഭൂവാണെന്ന് പ്രചരിപ്പിക്കാൻ അവർ ശ്രമിച്ചു. മുസ്ലിമിന്റെ വികാരം പ്രകടിപ്പിക്കാൻ എന്ന പേരിൽ അവർ വിളിച്ച മുദ്രാവാക്യം കണ്ടില്ലേ? സമ്മേളനത്തിൽ തന്റെ അച്ഛന്റെ പേരും അവർ വലിച്ചിഴച്ചു.
നാടിന്റെ വികസനത്തിനെതിരെ പ്രതിപക്ഷം നിൽക്കുന്നു. ഇപ്പോൾ വേണ്ടെന്ന് അവർ പറയുന്നു. ഇപ്പോഴല്ലെങ്കിൽ എപ്പോൾ എന്നാണ് ചോദ്യം. ഗെയിലും ദേശീയ പാതയും നടപ്പാക്കിയില്ലേ? ഒരു നാടിനെ തളച്ചിടാൻ നോക്കരുത്. വരുന്ന തലമുറയുടെ ശാപം ഉണ്ടാക്കാൻ നോക്കരുത്. നമ്മുടെ ഇച്ഛാശക്തിക്കു മുന്നിൽ മഹാമാരിക്കു പോലും അടിയറവു പറയേണ്ടിവന്നു. കെ റെയിൽ പദ്ധതിയുടെ എതിർപ്പിന്റെ അടിസ്ഥാനമെന്താണ്? നിങ്ങൾ ഉള്ളപ്പോൾ വേണ്ടെന്നാണ് യുഡിഎഫ് പറയുന്നത്. പദ്ധതിയിൽ നിന്നും പിന്മാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യത്ത് മതന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. കഴിക്കുന്ന ഭക്ഷണവും ധരിക്കുന്ന വസ്ത്രവും നോക്കി ആക്രമിക്കുകയാണ്. സംഘപരിവാറിനെ നേരിടാൻ അവർ മതിയെന്ന് ന്യൂനപക്ഷങ്ങളിലെ തീവ്രവാദികൾ വിചാരിക്കുന്നു. തങ്ങൾ എന്തൊക്കെയോ ചെയ്തുകളയും എന്നാണ് കരുതുന്നത്. എസ്ഡിപിഐയും ആർഎസ്എസും പരസ്പരം വളമാകുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം വലിയ തോതിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.