ശബരിമല: ശരണമന്ത്രങ്ങളുയർത്തി മലകയറിയെത്തിയ അയ്യപ്പ ഭക്തർക്ക് ദർശന പുണ്യമായി ശബരിമലയിൽ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നു. മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച്നാളെയാണ്മണ്ഡലപൂജ നടക്കുക.
മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് പമ്പയിൽ എത്തിച്ചേർന്നത്. വൈകുന്നേരം മൂന്നിന് സന്നിധാനത്തേക്ക് തിരിച്ച തങ്ക അങ്കി ഘോഷയാത്രയ്ക്ക് അഞ്ചിന് ശരംകുത്തിയിൽ ആചാരപ്രകാരം സ്വീകരണം നൽകി.
പതിനെട്ടാംപടി കയറി കൊടിമരത്തിനു മുന്നിലെത്തിയതങ്ക അങ്കി ഘോഷയാത്രയെദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപനും ദേവസ്വം ബോർഡ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. സോപാനത്ത് തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തി. തുടർന്ന് 6.30നായിരുന്നു ദീപാരാധന.
26-ന് ഉച്ചയ്ക്ക് 11.50-നും 1.15 -നും മധ്യേയുള്ള മുഹൂർത്തത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കും. ശേഷം നടയടയ്ക്കും. വൈകുന്നേരം നാലിന് നട തുറക്കും. 6.30-ന് ദീപാരാധന. തുടർന്ന് പടിപൂജ. അത്താഴപൂജയ്ക്ക് ശേഷം രാത്രി 9.50-ന് ഹരിവരാസനം പാടി 10-ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല ഉത്സവ തീർഥാടനത്തിന്സമാപനമാകും.
മകരവിളക്ക് ഉത്സവത്തിനായി 30-ന് വൈകുന്നേരം അഞ്ചിന് ക്ഷേത്രനട തുറക്കും.