ആലപ്പുഴ: ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പോലീസിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരള പോലീസിന് പോപ്പുലർ ഫ്രണ്ടിനെ ഭയമാണ്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളും തെളിവുമുണ്ടെങ്കിലും സേനയെ സർക്കാർ കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
പോപ്പുലർ ഫ്രണ്ടിനെ പോലീസ് വല്ലാതെ ഭയപ്പെടുകയാണ്. പോപ്പുലർഫ്രണ്ടിലെ തീവ്രവാദികൾ ആയുധപരിശീലനം നടത്തുന്ന സ്ഥലങ്ങൾ ഉൾപ്പെടെ പോലീസിന് അറിയാമെങ്കിലും സർക്കാർ സംരക്ഷിക്കുന്നവരെ പോലീസിന് ഒന്നും ചെയ്യാൻ കഴിയുന്നില്ല. പോലീസ് ഉദ്യോഗസ്ഥർആർഎസ്എസ്-ബിജെപി നേതാക്കളുടെ വീടിന്റെ സ്കെച്ച് തയ്യാറാക്കി നൽകുന്നു.
കോരള പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്നവർ പോലും പോപ്പുലർ ഫ്രണ്ടുമായി അടുപ്പം പുലർത്തുന്നവരാണ്. സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നുവെന്നതിന് തെളിവാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. മുൻപ് സസ്പെൻഷനിലായ പോലീസ് അസ്ഥാനത്തെ ഉദ്യോഗസ്ഥനായ ഷാജഹാനെ ഈ സർക്കാർ സ്ഥാനക്കയറ്റം നൽകി നിയമിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
കൈവെട്ട് കേസിലേയും അഭിമന്യു വധക്കേസിലെയും പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങൾ കൃത്യമായി അറിയാമായിരുന്നിട്ടും പോലീസ് ഇരുട്ടിൽ തപ്പി. സ്വന്തം പാർട്ടിയിലുള്ളവരെ കൊലപ്പെടുത്തിയിട്ടും സംരക്ഷണം നൽകിയവരാണ് സർക്കാരെന്നും അപ്പോൾ ബിജെപി നേതാക്കളുടെ കാര്യം പറയേണ്ടതുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
Content Highlights: k surendran says kerala police helping pfi