ശബരിമല > മണ്ഡലകാല തീര്ഥാടനത്തില് ശബരിമലയില് 78.92 കോടി രൂപയുടെ വരുമാനം. കഴിഞ്ഞ വര്ഷം ഈ കാലയളവില് 8.39 കോടിയായിരുന്നു വരുമാനം. 2019 ല് വരുമാനം 156 കോടി രൂപയായിരുന്നു. മണ്ഡലകാല തീര്ഥാടന കാലയളവില് പത്ത് ലക്ഷത്തി മുപ്പത്തയ്യായിരം തീര്ഥാടകര് ദര്ശനം നടത്തിയെന്നും ദേവസ്വം ബോര്ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന് പറഞ്ഞു. സന്നിധാനത്ത് വാര്ത്താസമ്മേളനത്തില് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.
അരവണ വിറ്റതിലൂടെ 31 കോടിയും കാണിക്കയായി 29 കോടിയും അപ്പം വിറ്റതിലൂടെ 3. 52 കോടിയും ലഭിച്ചു. ഡിസംബര് 25 വരെയുള്ള കണക്കാണിത്. ഭണ്ഡാരത്തില് കുറച്ച് കൂടി തുക എണ്ണാനുണ്ട്. ഇത് കൂടി പൂര്ത്തിയാകുമ്പോള് വരുമാനം 2019 ലേതിന്റെ അന്പത് ശതമാനം എത്തുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിന് 30ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും. അന്നേ ദിവസം തീര്ഥാടകര്ക്ക് പ്രവേശനം ഉണ്ടാകില്ല. 31 മുതല് ജനുവരി 19 വരെ തീര്ഥാടകര്ക്ക് ദര്ശനം നടത്താം. 31 മുതല് കരിമല വഴിയുള്ള കാനനപാതയിലൂടെയും തീര്ഥാടകരെ പ്രവേശിപ്പിക്കും.
ജനുവരി 11ന് ആണ് എരുമേലി പേട്ടതുള്ളല്. രാവിലെ അമ്പലപ്പുഴ സംഘവും ഉച്ചകഴിഞ്ഞ് ആലങ്ങാട്ട് സംഘവും പേട്ട തുള്ളും. 12ന് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടും. 14ന് വൈകിട്ട് സന്നിധാനതെത്തും. 14ന് വൈകിട്ട് 6.30 ന് ദീപരാധാനയ്ക്ക് ശേഷമാണ് മകരവിളക്ക് ദര്ശനം. മകരവിളക്കിന് മാളികപ്പുറത്തെ അപ്പം, അരവണ കൗണ്ടര് തുറക്കും. പുല്ലുമേട് വഴി തീര്ഥാടനത്തിന് അനുമതി നല്കണമെന്ന് സര്ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്. ഈ പാത തെളിച്ചെടുത്തില്ലേല് അത് നഷ്ടപെടും. മാസ്റ്റര് പ്ലാനുമായി ബന്ധപെട്ട് ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് ദേവസ്വം ബോര്ഡ് യോഗം ചേരും. ബോര്ഡിന്റെ അഭിപ്രായം യോഗത്തില് ചര്ച്ച ചെയ്യും. എരുമേലിയില് 9 കോടി ചെലവില് കിഫ്ബി പദ്ധതി പ്രകാരം നിര്മ്മിക്കുന്ന ഇടത്താവള നിര്മാണം 6ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്നും അനന്തഗോപന് പറഞ്ഞു.
ബോര്ഡംഗം പി എം തങ്കപ്പന്, എക്സിക്യൂട്ടീവ് ഓഫീസര് കെ കൃഷ്ണകുമാര വാര്യര് എന്നിവര് വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.