ആലപ്പുഴ: ഷാൻ വധക്കേസിൽ നേരിട്ടു പങ്കുള്ള അഞ്ച് പേരെ കൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. ഇവരുടെ അറസ്റ്റ് ഇന്ന് തന്നെ ഉണ്ടാകുമെന്ന് വിജയ് സാഖറെ വ്യക്തമാക്കി.
എന്നാൽ പ്രധാന പ്രതികളെന്ന് സംശയിക്കുന്നവരെ ഇപ്പോഴും പോലീസിന് പിടികൂടാൻ സാധിച്ചിട്ടില്ല. സംസ്ഥാന നേതാക്കളിലേക്കും അന്വേഷണം നീങ്ങുമോ എന്ന ചോദ്യത്തിന് വിജയ് സാഖറെ പറഞ്ഞത്, പദ്ധതി ആസൂത്രണം ചെയ്ത ആളാണ് പ്രധാനപ്പെട്ടത്. അവരുടെ പേരുകൾ അന്വേഷണത്തിൽ കൊണ്ടു വരുന്നുണ്ട്. അന്വേഷണം ആരിലേക്കും പോകാമെന്നുമായിരുന്നു.
എല്ലാ പ്രതികളേയും കണ്ടു പിടിക്കുമെന്ന് വിശ്വാസമുണ്ട്. എല്ലാവർക്കെതിരേയും ശക്തമായ തെളിവുകൾ ഹാജരാക്കും, പരമാവധി ശിക്ഷ തന്നെ പ്രതികൾക്ക് വാങ്ങിക്കൊടുക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ഒരു സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഷാൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽവെച്ച് മരിക്കുകയായിരുന്നു. ഷാന്റെ മരണത്തിന് മണിക്കൂറുകൾക്കു പിന്നാലെ ആലപ്പുഴയിലെ ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസും കൊല്ലപ്പെട്ടു. ഞായർ പുലർച്ച ആറരയോടെ ഒരു സംഘം വീട്ടിൽക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം, രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആരെയും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല.
Content Highlights: Alappuzha twin murder – ADGP Vijay sakhare press meet