മാനന്തവാടി: നാളുകളായി കുറുക്കൻമൂലയേയും പരിസരപ്രദേശങ്ങളെയും വിറപ്പിക്കുന്ന കടുവയ്ക്കായുള്ള തിരച്ചിൽ വെള്ളിയാഴ്ചയും വിഫലം. തോല്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉൾവനങ്ങളിൽ സർവ സന്നാഹം ഉപയോഗിച്ച് തിരഞ്ഞെങ്കിലും കടുവയുടെ സാന്നിധ്യംപോലും സ്ഥിരീകരിക്കാനായില്ല. ബുധൻ, വ്യാഴം ദിവസങ്ങളിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഉൾക്കാട്ടിലേക്ക് പാതയൊരുക്കിയിരുന്നു. വെള്ളിയാഴ്ച മയക്കുവെടി സംഘങ്ങൾ, കുങ്കിയാനകൾ എന്നിവയുമായി ഉൾക്കാടിളക്കി തിരഞ്ഞെങ്കിലും കാര്യമുണ്ടായില്ല. മന്ദംകൊല്ലി, ഈശ്വരക്കൊല്ലി കാടുകളിലായിരുന്നു തിരച്ചിൽ.
രാവിലെ തുടങ്ങിയ തിരച്ചിൽ വൈകീട്ടുവരെ തുടർന്നു. വനത്തിൽ കടുവ സഞ്ചരിച്ച വഴിയിൽ കഴുത്തിലെ മുറിവിൽ നിന്ന് ഇറ്റിയ ചോരയും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വനമേഖലയിൽ എവിടെയെങ്കിലും കടുവ ഉണ്ടാവുമെന്ന കണക്കുകൂട്ടലിലാണ് തിരയുന്നത്. എന്നാൽ മുമ്പത്തെപ്പോലെ കാട്ടിനുള്ളിൽ കടുവ കിടന്നതിന്റെയോ, നടന്നതിന്റെയോ പാടുകളൊന്നും കണ്ടെത്താനായില്ല.
വനത്തിലടക്കം ക്യാമറകൾ വെച്ചിട്ടും ചിത്രങ്ങൾ കിട്ടിയില്ല. കടുവയുടെ സഞ്ചാരപാത കണ്ടെത്താനായാണ് റിയൽ ടൈം സി.സി.ടി.വി. ഉൾപ്പെടെ 68 ക്യാമകൾ വിവിധ ഭാഗങ്ങളിലായി വെച്ചത്. എന്നാൽ ഇതിലൊന്നും ചിത്രങ്ങൾ പതിഞ്ഞില്ല. കടുവയുടെ ചിത്രം കിട്ടിയാൽ ആ പ്രദേശത്ത് ട്രക്കിങ് ടീം തിരച്ചിൽ നടത്തും. ദിവസങ്ങൾക്കുമുമ്പ് മുട്ടങ്കരയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയെങ്കിലും ഇത് വളർത്തുമൃഗങ്ങളെ പിടികൂടുന്ന കടുവയുടേതാണോയെന്ന് സ്ഥിരീകരിക്കാനും സാധിച്ചിട്ടില്ല. വയൽപ്രദേശത്ത് മാത്രമാണ് കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞത്. അതിനാൽ കടുവ ഏതുഭാഗത്തുനിന്ന് മുട്ടങ്കരയിലേക്ക് വന്നു എങ്ങോട്ടുപോയി എന്ന കാര്യങ്ങളൊന്നും വ്യക്തമായില്ല. കാൽപ്പാടുകൾ പിന്തുർന്നുള്ള തിരച്ചിൽ സാധ്യമാകാതെ വന്നതോടെയാണ് ക്യാമറകൾ കൂടുതൽവെച്ചത്. നേരത്തെ കുറുക്കൻമൂലയിലും പരിസരപ്രദേശങ്ങളിലും വെച്ച ക്യാമറയിൽനിന്നാണ് കഴുത്തിന് പരിക്കേറ്റ കടുവയുടെ ചിത്രം കിട്ടിയത്.
തുടർച്ചയായുള്ള തിരച്ചിലിലും കടുവയെ കണ്ടെത്താനാവാതെ വന്നതോടെ മയക്കുവെടിവെച്ച് പിടികൂടാമെന്നുള്ള പ്രതീക്ഷയും മങ്ങി. മയക്കുവെടി വെക്കാനായി മൂന്നു സംഘങ്ങൾ ഉണ്ടെങ്കിലും കടുവയെ കണ്ടുകിട്ടാത്തത് കാരണം ഓരോദിവസത്തെ തിരച്ചിലും വിഫലമാവുകയാണ്. ചെറൂരിലും പുതിയിടത്തും മാത്രമാണ് പ്രദേശവാസികൾ കടുവയെ കണ്ടത്. പിന്നീട് നടത്തിയ തിരച്ചിലിലൊന്നും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് ബേഗൂർ വനമേഖലയിലെ കാട്ടിക്കുളംഭാഗത്ത് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അന്ന് കടുവ ഉടൻ പിടിയിലാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും തൊട്ടടുത്തദിവസം മുതൽ കടുവ വീണ്ടും ഒളിച്ചുകളി തുടർന്നു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം.
നവംബർ 28-നാണ് കുറുക്കൻമൂലയിലും പരിസര പ്രദേശങ്ങളിലും കടുവാപ്പേടി തുടങ്ങുന്നത്. 27 ദിവസത്തിനിടെ 17 വളർത്തുമൃഗങ്ങളെ കടുവ കൊന്നു. 16-ന് പുതിയിടത്ത് നിന്ന് മൂരിക്കുട്ടനെയും ആടിനെയും പിടിച്ചശേഷം വളർത്തുമൃഗങ്ങളെ ആക്രമിച്ചില്ല എന്നതാണ് പ്രദേശവാസികൾക്ക് ആശ്വാസം. കഴുത്തിന് മുറിവേറ്റ കടുവയ്ക്ക് കാട്ടിൽ ഇരതേടാൻ പറ്റാതെ വന്നതോടെയാണ് നാട്ടിലിറങ്ങാൻ തുടങ്ങിയത്. കാട്ടിൽ തീറ്റ കിട്ടിയില്ലെങ്കിൽ കടുവ ഇനിയും നാട്ടിലിറങ്ങുമോയെന്ന ആശങ്കയുമുണ്ട്.