തിരുവനന്തപുരം: കടലേറ്റത്തിൽ തകർന്ന ശംഖുമുഖം റോഡ് നവീകരണം വൈകുന്നതിൽ കരാർ കമ്പനിയെ ശാസിച്ചുവെന്ന വാർത്ത നിഷേധിക്കാതെ മന്ത്രി മുഹമ്മദ് റിയാസ്. രണ്ട് ദിവസം മുമ്പാണ് റോഡ് പുനർനിർമാണവുമായി ബന്ധപ്പെട്ട യോഗത്തിൽ ഉദ്യോഗസ്ഥൻ പങ്കെടുക്കാതിരുന്നതിന് മന്ത്രി കരാർ കമ്പനിയെശാസിച്ചത്. യോഗത്തിന് ശേഷം നിർമാണ പ്രവൃത്തിയിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച റോഡ് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മന്ത്രി മാധ്യമങ്ങളുടെ ചോദ്യത്തിന് കരാർകമ്പനിയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. മുമ്പ് പല ജോലികളും സമയത്തിന് ചെയ്ത് തീർത്ത ചരിത്രമുള്ളതാണ് ശംഖുമുഖം റോഡിന്റെ കരാറുകാരെന്നും എന്നാൽ മുൻകാല പ്രവൃത്തിയുടെ പേരിൽ ആർക്കും പ്രത്യേക പട്ടം ചാർത്തി കൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ കരാറുകാരെയും ഒരേപോലെയാണ് വകുപ്പ് കാണുന്നത്. അങ്ങനെ ഒരിളവും ആർക്കും നൽകില്ല. പ്രവൃത്തി തടസമില്ലാതെ പോകണം. അതിനായി വകുപ്പിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മുതൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ നിർമാണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ പ്രത്യേകം സംവിധാനം നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമെ നിശ്ചിത സമയത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കുന്ന കരാറുകാർക്ക് ഇൻസന്റീവ് നൽകുമെന്നും അതിനൊപ്പം വൈകിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
content highlights:Minister Muhammed Riyas indirectly criticizes Contract Company