പി.ടിയുടെ സഹോദരൻ പി.ടി ജോർജ്, മക്കളായ വിഷ്ണു, വിവേക്, ഉമയുടെ സഹോദരൻ ഗിരിയുമാണ് ശ്‌മാശാനത്തിലെത്തി ചിതാഭസ്‌മം ഏറ്റുവാങ്ങിയത്. പി.ടി തോമസിൻ്റെ ജന്മനാടായ ഉപ്പുതോടിലെ സെൻ്റ് ജോസഫ്സ് പള്ളിയിലാണ് അദ്ദേഹത്തിൻ്റെ അമ്മ ചിന്നമ്മയുടെ അടക്കം ചെയ്തിരിക്കുന്നത്. ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കേണ്ടതിന് സഭയുടെ അനുമതി വേണമെന്നിരിക്കെ ഇതിനായി ശ്രമിക്കുന്നുണ്ടെന്ന് ഉമ പറഞ്ഞു.
അമ്മയുടെ കല്ലറയിൽ ഒരു ഭാഗം ചിതാഭസ്‌മം അടക്കം ചെയ്ത ശേഷം ബാക്കി തിരുനെല്ലിയിലും ഗംഗയിലും ഒഴുക്കാനാണ് കുടുംബത്തിൻ്റെ തീരുമാനം. മക്കളോടും പി.ടിയുടെ സഹോദരങ്ങളുമായും ആലോചിച്ച ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കുക. പാർട്ടിയും സർക്കാരും എല്ലാവരും കൂടെ നിന്ന് ഒരു രാജാവിനെ പോലെയാണ് പി.ടിയെ തിരിച്ചയച്ചത്. അവസാനം വരെ അദ്ദേഹത്തിനൊപ്പം നിന്ന എല്ലാവർക്കും നദിയുണ്ടെന്ന് ഉമ കൂട്ടിച്ചേർത്തു.
കുടുംബത്തിന് താൽപ്പര്യമുണ്ടെങ്കിൽ ചിതാഭസ്‌മത്തിൻ്റെ ഒരു ഭാഗം അമ്മയുടെ കല്ലറയ്ക്കുള്ളിൽ അടക്കം ചെയ്യാമെന്ന് മരണത്തിന് മുൻപ് അറിയിച്ചിരുന്നു. കൊച്ചിയിലെ വീട്ടിൽ പി.ടി തോമസിനായി ഒരു സ്‌മാരകം വേണമെന്ന ആഗ്രഹം കുടുംബത്തിനുള്ളതിനാൽ ചിതാഭസ്‌മത്തിൻ്റെ ഇരു ഭാഗം വീട്ടിൽ സൂക്ഷിക്കും.
തമിഴ്നാട്ടിലെ വെല്ലൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെ നവംബർ 22ന് ഡിജോ കാപ്പനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മരണാനന്തര ചടങ്ങുകൾ നടത്തേണ്ടത് എങ്ങനെയാണെന്ന് പി.ടി തോമസ് അറിയിച്ചത്. ഭാര്യ ഉമ അറിയാതെയാണ് ഫോൺ ചെയ്യുന്നതെന്നും താൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുകയും രഹസ്യമായി സൂക്ഷിക്കണമെന്നും പറഞ്ഞശേഷമാണ് മരണാന്തര ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന നിർദേശം അദ്ദേഹം പങ്കുവച്ചത്.
കൊച്ചിയിലെ രവിപുരത്തെ ശ്‌മശാനത്തിൽ സംസ്കരിക്കണമെന്ന നിർദേശമാണ് പിടി തോമസ് ഡിജോ കാപ്പന് നൽകിയത്. മൃതദേഹം പൊതുദർശനത്തിന് വെക്കുമ്പോൾ റീത്ത് വെക്കാൻ പാടില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. കുടുംബാംഗങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ചിതാഭസ്‌മം അമ്മയുടെ കല്ലറയ്ക്കുള്ളിൽ വെക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു. തൻ്റെ പേരിലുള്ള സ്വത്തുക്കൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതം വെക്കാമെന്നും ഡിജോ കാപ്പനെ പി ടി തോമസ് അറിയിച്ചിരുന്നു. പി.ടി തോമസിൻ്റെ ആഗ്രഹപ്രകാരമാണ് അദ്ദേഹത്തിൻ്റെ സംസ്കാര ചടങ്ങുകൾ നടത്തിയത്.