ശബരിമല > മണ്ഡല കാലം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തിയത് പത്ത് ലക്ഷത്തിലധികം അയ്യപ്പൻമാർ. വ്യാഴാഴ്ച രാത്രി വരെയുള്ള കണക്കാണിത്. ബുധനാഴ്ച 37005 തീർഥാടകരും ചൊവ്വ 39343 തീർഥാടകരും ദർശനം നടത്തി. വ്യാഴം രാത്രി എട്ട് വരെ 39089 ആളുകളും സന്നിധാനതെത്തിയിട്ടുണ്ട്. കഴിഞ്ഞ വാരാന്ത്യം മുതൽ സാമാന്യം ഭേദപ്പെട്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഞായറാഴ്ച മണ്ഡലപൂജ നടക്കാനിരിക്കെ വെർച്വൽ ക്യൂ ബുക്കിങ്ങുകൾ പൂർത്തിയായിട്ടുണ്ട്. പ്രതിദിനം 60,000 തീർഥാടകർക്കാണ് നിലവിൽ പ്രവേശനം അനുവദിക്കുന്നത്.
വെർച്വൽ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനാൽ മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ തന്നെ തീർഥാടകർക്ക് സുഗമമായ ദർശനം സാധ്യമാകുന്നുണ്ട്. തത്സമയ ബുക്കിങിലൂടെയും കൂടുതലാളുകൾ എത്തിച്ചേരുന്നുണ്ട്. തീർഥാടനം ആരംഭിച്ച സമയം നിലനിന്നിരുന്ന നിയന്ത്രണങ്ങളിൽ ഭൂരിഭാഗവും മണ്ഡല ഉത്സവം സമാപിക്കുമ്പോഴേക്ക് ഒഴിവാക്കിയിട്ടുണ്ട്. പമ്പാസ്നാനം, നീലിമല അപ്പാച്ചിമേട് വഴിയുള്ള തീർഥാടനം, സന്നിധാനത്ത് വിരിവയ്ക്കാനും റൂമുകളിൽ തങ്ങാനുമുള്ള നിയന്ത്രണം തുടങ്ങിയവയെല്ലാം ഒഴിവാക്കി. പ്രതിദിന തീർഥാടകരുടെ എണ്ണം അറുപതിനായിരമാക്കുകയും മകരവിളക്കിന് കാനനപാതയിലൂടെയുള്ള തീർഥാടനം സാധ്യമാക്കുകയും ചെയ്തു.
വലിയ പ്രതിസന്ധികൾക്കിടയിലും സർക്കാരും ദേവസ്വം ബോർഡും ചേർന്നുള്ള കൂട്ടായ പ്രവർത്തനമാണ് പരാതിരഹിത തീർഥാടനത്തിന് സാധ്യമാക്കിയത്. സ്ഥിരം വിമർശകർ പോലും ഇക്കുറി ദേവസ്വം ബോർഡിന്റെ പ്രവർത്തനങ്ങളെ ശ്ലാഖിച്ചതും ഇതിനുദാഹരണമാണ്. മകരവിളക്കിന് കൂടുതൽ ഇളവുകൾ നടപ്പിലാക്കാനും സാധാരണ രീതിയിൽ പ്രവേശനം നൽകാനുമാണ് ദേവസ്വം ബോർഡിന്റെ ശ്രമം.
25ന് തീർഥാടകരെ നിയന്ത്രിക്കും
തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്തെത്തുന്ന 25ന് വൈകീട്ട് അയ്യപ്പൻമാരെ കയറ്റിവിടുന്നതിന് നിയന്ത്രണമുണ്ടാകും. പകൽ 1.30നാണ് തങ്ക അങ്കി പമ്പയിലെത്തുക. മൂന്നിന് പമ്പയിൽ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. 6.30ന് തങ്ക അങ്കി സന്നിധാനത്തെത്തും. തങ്ക അങ്കി ഘോഷയാത്രയെ സ്വീകരിക്കാൻ ആചാരപ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് എക്സിക്യുട്ടിവ് ഓഫീസർ വി കൃഷ്ണകുമാര വാരിയർ അറിയിച്ചു.