ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ കൂടുതൽ പേർ പോലീസ് കസ്റ്റഡിയിലെന്ന് സൂചന. രണ്ട് തൃശ്ശൂർ സ്വദേശികളും ഒരു ആലുവ സ്വദേശിയുമാണ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. എന്നാൽ ഇവരുടെ അറസ്റ്റ് ഇതുവരേയും പോലീസ് രേഖപ്പെടുത്തിയിട്ടില്ല.
ഷാനിന്റെ കൊലപാതകത്തിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചു എന്ന് സംശയിക്കുന്നവരാണ് തൃശ്ശൂർ സ്വദേശികൾ. ഗൂഡാലോചനയിൽ പങ്കുണ്ടെന്ന സംശയത്തിലാണ് ആലുവ സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ എ.ഡി.ജി.പി. വിജയ് സാഖറെ വ്യക്തമാക്കുമെന്നാണ് അറിയുന്നത്.
ഷാൻ വധക്കേസിൽ മൂന്നു പേരെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രഞ്ജിത് വധക്കേസിൽ അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെ പോലും പോലീസിന്ഇതുവരെയും അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല.
ഷാൻ, രഞ്ജിത്ത് വധക്കേസുകളിൽഉൾപ്പെട്ട പ്രതികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് കടന്നു എന്നാണ് വിജയ് സാഖറെ പറഞ്ഞത്. ഇവരെ അന്വേഷിച്ച് പ്രത്യേക അന്വേഷണ സംഘം മറ്റു സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട് എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്.
Content Highlights: Shan murder – Three in custody