പാലാ > പുരോഗമന കലാ -സാഹിത്യ സംഘം സ്ഥാപക ജനറൽ സെക്രട്ടറിയും എകെപിസിടിഎ ആദ്യകാല നേതാവുമായ പാലാ നെച്ചിപ്പുഴൂർ ദർശനയിൽ പ്രൊഫ. പി രവീന്ദ്രനാഥ് (79) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് രണ്ടാഴ്ചയായി പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. വെള്ളി പുലർച്ചെ 5.30നായിരുന്നു അന്ത്യം. സംസ്കാരം ശനി പകൽ രണ്ടിന്ന് വീട്ടുവളപ്പിൽ. ദേശാഭിമാനി സ്റ്റഡി സർക്കിളിലൂടെ സാംസ്കാരിക പ്രവർത്തന രംഗത്ത് എത്തിയ രവീന്ദ്രനാഥ് സ്റ്റഡി സർക്കിൾ സംസ്ഥാന സെക്രട്ടറിയായിരുന്നു.
ഇഎംഎസ് ഉൾപ്പെടെയുള്ള ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന രവീന്ദ്രനാഥ് പുരോഗമന കലാസാഹിത്യ സംഘം രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. പുകസ സംസ്ഥാന പ്രസിഡൻ്റായ വൈലോപ്പള്ളി ശ്രീധരമേനോനോടൊപ്പം സ്ഥാപക ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. അടിയന്തിരാവസ്ഥ കാലത്ത് ഉൾപ്പെടെ കമ്യൂണിസ്റ്റ് ആശയപ്രചാരണ രംഗത്ത് സജീവമായി നിലകൊണ്ടു. സംസ്ഥാനത്താകെ പാർട്ടി ക്ലാസ് അധ്യാപകനായും നിരവധി കാലം പ്രവർത്തിച്ച രവീന്ദ്രനാഥ് മുൻ മുഖ്യമന്ത്രി ഇ കെ നായനാർ, മുഖ്യമന്ത്രി പിണറായി വിജയൻ, ഡോ. തോമസ് ഐസക് ഉൾപ്പെടെയുള്ള നേതാക്കൾക്കടക്കം പരിശീലനം നൽകി. ദേശാഭിമാനി കോട്ടയം യൂണിറ്റ് ആരംഭഘട്ടത്തിൽ എഡിറ്റോറിയൽ രംഗത്ത് സജീവ പങ്കാളിയായി. കേരള, എംജി സർവകലാശാലകളിൽ സെനറ്റ് മെമ്പറായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ മെമ്പർ ആയിരുന്നു. മാർക്സിയൻ അർത്ഥശാസ്ത്രം, കുട്ടികളുടെ അർത്ഥശാസ്ത്രം, ഒരു നോൺ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ ഗ്രന്ഥങ്ങളും, നിരവധി സാഹിത്യ-ചരിത്ര സംബന്ധമായ നിരവധി ലേഖനങ്ങളും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നെടുമുടി മാത്തൂർ കുടുംബാംഗമായ രവീന്ദ്രനാഥ് പന്തളം എൻഎസ്എസ് കോളേജിൽ ഇക്കണോമിക്സ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. വിവിധ എൻഎസ്എസ് കോളേജുകളിൽ അധ്യാപകനായി പ്രവർത്തിച്ച അദ്ദേഹം വാഴൂർ എൻഎസ്എസ് കോളേജ് എക്കണോമിക്സ് വിഭാഗം തലവനായാണ് വിരമിച്ചത്. കോളേജ് അധ്യാപക സംഘടന എകെപിസിറ്റിഎയുടെ സംസ്ഥാന പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പി ആർ സരസമ്മ (റിട്ട. കോളേജ് അധ്യാപിക പ്രൊഫ. എൻഎസ്എസ് കോളേജ്) നെച്ചിപ്പുഴൂർ പുളിക്കോളിൽ കുടുംബാംഗം. മക്കൾ: ആർ രഘുനാഥ് (സോഫ്റ്റ്വെയർ എൻജിനീയർ യുഎസ്എ)ഡോ. സ്മിതപിള്ള (ശാസ്ത്രജ്ഞ യുഎസ്എ). മരുമകൾ: സ്വപ്നപിള്ള (യുഎസ്എ). സഹോദരങ്ങൾ: ഡോ. ജി കെ പിള്ള (ഐആർഎസ്), പരേതനായ ഡോ. മോഹനൻപിള്ള (അധ്യാപകൻ സിഡിഎസ് തിരുവനന്തപുരം) അഡ്വ. ജയകുമാർപിള്ള , പ്രസന്നകുമാരി, സുഷമകുമാരി.