കാസർകോട്: വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴുപേർ മരിച്ച അപകടത്തിന് ഒരുവർഷം തികയാൻ 10 ദിവസം ശേഷിക്കെയാണ് ഇതേസ്ഥലത്തുതന്നെ തടിലോറി മറിഞ്ഞ് നാലുപേർ മരിച്ചത്. കേരള-കർണാടക അതിർത്തിഗ്രാമമായ പാണത്തൂർ പരിയാരമാണ് രണ്ട് അപകടങ്ങൾക്കും സാക്ഷ്യംവഹിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള കർണാടക സ്വദേശികളാണ് അന്നുണ്ടായ അപകടത്തിൽ മരിച്ചത്. കർണാടകയിലെ ഈശ്വരമംഗലത്തുനിന്ന് അതിർത്തിഗ്രാമമായ കരിക്ക ചെത്തുകയം എന്ന സ്ഥലത്തേക്ക് വന്ന വധുവിന്റെ വീട്ടുകാർ സഞ്ചരിച്ച ബസാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ട് സമീപത്തെ ആൾത്താമസമില്ലാത്ത വീടിനുമുകളിലേക്ക് മറിഞ്ഞത്. അമിതവേഗമാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ വീട് ഭാഗികമായി തകർന്നിരുന്നു. കർണാടകത്തിലേക്ക് കല്യാണച്ചടങ്ങിന് പോവുകയായിരുന്ന ബസ് സമയം വൈകിയതിനെത്തുടർന്നാണ് വളഞ്ഞുപുളഞ്ഞ വഴിയിലൂടെ വേഗത്തിൽ ദുരന്തത്തിലേക്ക് പാഞ്ഞടുത്തത്. പ്രദേശവാസികൾ ഇപ്പോഴും ആ ദുരന്തത്തിന്റെ നടുക്കത്തിൽനിന്ന് മോചിതരായിട്ടില്ല. അതിനുമുമ്പാണ് അതേയിടത്ത് അടുത്ത ദുരന്തമുണ്ടാവുന്നത്.
കാസർകോട് പാണത്തൂർ പരിയാരത്ത് ബസ് മറിഞ്ഞ നിലയിൽ | ഫോട്ടോ: രാമനാഥ് പൈ മാതൃഭൂമി
പാണത്തൂർ കുണ്ടുപ്പള്ളിയിലെ എങ്കപ്പു നായിക്ക് (സുന്ദരൻ-47), ഇദ്ദേഹത്തിന്റെ പിതൃസഹോദര പുത്രൻ കുണ്ടുപ്പള്ളിയിലെ നാരായണൻ (42), കുണ്ടുപ്പള്ളി കൊറത്തിപ്പതിയിലെ കെ.എം. മോഹനൻ നായർ (40), കുണ്ടുപ്പള്ളിയിലെ വിനോദ് (ബാബു-40) എന്നിവരാണ് മരിച്ചത്. ലോറിഡ്രൈവർ ആലുവ കടനെല്ലൂർ വെസ്റ്റിലെ അനീഷ് (30), ഇദ്ദേഹത്തിന്റെ പിതാവ് ലോറി ക്ലീനർ വിജയൻ (55), കുണ്ടുപ്പള്ളിയിലെ വേണു നായർ (45), മരിച്ച നാരായണന്റെയും എങ്കപ്പുവിന്റെയും പിതൃസഹോദരൻ കെ.കെ. മോഹനൻ (46), ഇവരുടെ ബന്ധു പ്രസന്നൻ (47) എന്നിവർക്കാണ് പരിക്കേറ്റത്.
കരഞ്ഞും തളർന്നും ബന്ധുക്കളും സുഹൃത്തുക്കളും
: പാണത്തൂർ പരിയാരത്തെ അപകടമറിഞ്ഞ് ആളുകൾ ജില്ലാ ആസ്പത്രിയിലേക്ക് ഓടിയെത്തി. സൈറൺ മുഴക്കി ചീറിപ്പാഞ്ഞ് ഒന്നിനു പിറകെ ഒന്നായി ആംബുലൻസുകൾ ആസ്പത്രിയിലെത്തി.
മരിച്ചവരും അപകടത്തിൽപ്പെട്ടവരുമെല്ലാം ബി.എം.എസ്. പ്രവർത്തകരായിരുന്നു. വിവരമറിഞ്ഞ് മാവുങ്കാലിലെയും കാഞ്ഞങ്ങാട്ടെയും ബി.എം.എസ്സുകാർ ജില്ലാ ആസ്പത്രിയിലേക്കു കൂട്ടത്തോടെയെത്തി. തങ്ങളുടെ സംഘടനാപ്രവർത്തകർ ചലനമറ്റു കിടക്കുന്നത് കണ്ടുനിൽക്കാൻ അവരിൽ പലർക്കും കഴിഞ്ഞില്ല. അണപൊട്ടിയ ദുഃഖം കടിച്ചമർത്തിയും മനോബലം വീണ്ടെടുത്തും അവർ ആംബുലൻസിനകത്തുള്ളവരെ എടുത്ത് സ്ട്രെച്ചറിൽ കിടത്തി.
ആദ്യ ആംബുലൻസിൽ നാരായണനായിരുന്നു. സ്ട്രെച്ചറിൽ കിടത്തുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. രണ്ടുപേർ മരിച്ചെന്നും അവർ പൂടങ്കല്ല് ആസ്പത്രിയിലുണ്ടെന്നുമായിരുന്നു ഇവടെയുള്ളവർക്ക് ലഭിച്ച വിവരം. പിന്നാലെ മരണം മൂന്നായെന്ന വിവരം കിട്ടി.
പെട്ടെന്ന് ജില്ലാ ആസ്പത്രിക്കകത്തുള്ളവർ കരഞ്ഞുകൊണ്ട് പുറത്തേക്ക് വന്നു. നാരായണൻ ഞങ്ങളെ വിട്ടുപോയെന്നുപറഞ്ഞ് അവർ കൂട്ടത്തോടെ കരഞ്ഞു. ഇതിനിടെ ആസ്പത്രിയിലുണ്ടായിരുന്ന അമ്പലത്തറ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണന് ആലുവയിൽനിന്നുള്ള ഫോൺ. മറുപടി പറയുന്നതിനിടെ, പരിക്കേറ്റ് ഗുരുതരനിലയിലായിരുന്ന ആലുവയിലെ വിജയനെ മംഗളൂരുവിലേക്ക് കൊണ്ടുപോയി. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരംസമിതിയധ്യക്ഷൻ ഷിനോജ്ചാക്കോ, കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത, സബ്കളക്ടർ ഡി.ആർ.മേഘശ്രീ, ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി എ.വേലായുധൻ, ജില്ലാ വൈസ് പ്രസിഡന്റ് എം.ബൽരാജ്, ഇ.കൃഷ്ണൻ, എച്ച്.ആർ.ശ്രീധരൻ, അജയകുമാർ നെല്ലിക്കാട്ട്, ആർ.എസ്.എസ്. ജില്ലാ കാര്യവാഹക് ബാബു പുല്ലൂർ, ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് ടി.കൃഷ്ണൻ, കെ.പി.അരവിന്ദൻ തുടങ്ങിയവർ ജില്ലാ ആസ്പത്രിയിലെത്തി. അപകടത്തിൽ മരിച്ച എങ്കപ്പു നായ്ക്ക് ഹെഡ്ലോഡ് വർക്കേഴ്സ് (ബി.എം.എസ്.) പാണത്തൂർ മേഖലാ കമ്മിറ്റി കൺവീനറും നാരായൺ ഖജാൻജിയുമാണ്.
ഒറ്റക്കെട്ടായി നാട്ടുകാർ
: ലോറി അപകടത്തിൽ കൂടുതൽ മരണം ഒഴിവാക്കിയത് നാട്ടുകാരുടെ എല്ലാം മറന്നുള്ള രക്ഷാപ്രവർത്തനം. റോഡിന്റെ താഴ്ചയിലെ കുറ്റിക്കാടിനിടയിലൂടെ അവർ ഓടിയിറങ്ങി. പടർന്ന കാടുകൾക്കിടയിലായിരുന്നു ലോറി കിടന്നത്.
തെറിച്ചുവീണവർ എവിടെയൊക്കെയാണുള്ളതെന്ന് തിരയാൻപോലും ബുദ്ധിമുട്ട്. എത്രപേർ അപകടത്തിൽ പെട്ടെന്നോ ലോറിക്കടിയിൽ ആരെങ്കിലുമുണ്ടെന്നോ അറിയാതെ പകച്ചുപോയ നിമിഷം. മനോധൈര്യം വീണ്ടെടുത്ത് നാട്ടുകാർ കരുത്തോടെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു.
• പാണത്തൂർ പരിയാരത്ത് ലോറി അപകടത്തിൽപ്പെട്ട സ്ഥലത്തെ രക്ഷാപ്രവർത്തനം
വീണുകിടക്കുന്നവരെ ചുമന്ന് പതിനഞ്ചടിയോളം മുകളിലേക്ക് അവർ കുതിച്ചു. കിട്ടിയ ജീപ്പിലും കാറിലുമൊക്കെയായി പൂടങ്കല്ല് ആസ്പത്രിയിലെത്തിച്ചു.
മണ്ണുമാന്തി യന്ത്രമെത്തുന്നതിനുമുമ്പ് പരിക്കേറ്റവരെയെല്ലാം നാട്ടുകാർ ആസ്പപത്രിയിലെത്തിച്ചു. പൂടങ്കല്ല് ആസ്പത്രിയിലുള്ളവരും അവിടത്തെ പ്രദേശത്തുകാരും ഉണർന്നുപ്രവർത്തിച്ചു. പരിക്കേറ്റവരുമായി കാറും ജീപ്പുമെല്ലാം എത്തുംമുമ്പേ തന്നെ ആളുകൾ പൂടങ്കല്ല് ആസ്പത്രിയിലെത്തിയിരുന്നു. മരിച്ച മോഹനൻ നായർ ശബരിമലയ്ക്കു പോകാൻ മാലയിട്ട് വ്രതത്തിലായിരുന്നു.
ലോറി മറിഞ്ഞത് കൊച്ചുമക്കൾ മൂന്നുപേരും മിനിറ്റുകൾക്കു മുൻപ് കളിച്ച ഇടത്തേക്ക്
: കാതുപൊട്ടുന്ന ഒച്ച. പേടിച്ചുപോയി. ജനാലയിലൂടെ നോക്കിയപ്പോൾ എന്തോ ഒന്ന് മറിഞ്ഞു മറിഞ്ഞു പോന്ന്… ഒൻപതുവയസ്സുകാരൻ വിഷ്ണുനന്ദിന് പറയാൻ കഴിയുന്നില്ല. സഹോദരിമാർ ആറുവയസ്സുള്ള വൈഷ്ണവിക്കും ആരാധ്യക്കും നെഞ്ചിടിപ്പ് മാറുന്നില്ല. മക്കളെ ചേർത്തുപിടിച്ച് ദൈവത്തോടു നന്ദിപറയുന്നു പാണത്തൂർ പരിയാരത്തെ കമലാക്ഷിയും കുടുംബവും. നാലുപേരുടെ മരണത്തിനിടയാക്കിയ ലോറി മറിഞ്ഞത് ഇവരുടെ വീടിന്റെ സൺഷേഡും പന്തലും തകർത്താണ്.
• വീടിന്റെ തകർന്ന പന്തൽ
അലുമിനിയം ഷീറ്റുമേഞ്ഞ പന്തലിട്ടതിനാൽ കുട്ടികൾ പതിവായി കളിക്കുന്നത് വീട്ടുമുറ്റത്താണ്. അപകടം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് മാത്രമാണ് ഇവിടെ കളിച്ചുകൊണ്ടിരുന്ന മൂന്നുപേരും അകത്തേക്കു പോയത്.
വിഷ്ണുനന്ദ് ടി.വി. കാണുകയായിരുന്നു. സഹോദരിമാർ മറ്റൊരു മുറിയിലുമായിരുന്നു. കമലാക്ഷിയുടെ മകൾ ജയന്തിയുടെ മക്കളാണ് വിഷ്ണുനന്ദും വൈഷ്ണവിയും. ഇളയ മകൾ സുജാതയുടെ മകളാണ് ആരാധ്യ. കമലാക്ഷിയും ജയന്തിയും വീടിന് പുറത്തായിരുന്നു. ജയന്തിയുടെ ഭർത്താവ് ശശിധരനും വീട്ടിലുണ്ടായിരുന്നില്ല.
അപകടത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട
എ.വേണു നായർ
ലോറിക്ക് പെട്ടെന്ന് വേഗംകൂടി- എ.വേണു നായർ
: ലോറിക്ക് നല്ല വേഗമുണ്ടായിരുന്നു. ലോഡിന് മുകളിലായിരുന്നു ഇരുന്നത്. വളവിലെ ഇറക്കത്തിൽ പെട്ടെന്നായിരുന്നു അപകടം നടന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ഒന്നും മനസ്സിലായില്ല. ഒരുനിമിഷം കൊണ്ടാണ് ലോറി തോട്ടിലേക്ക് തലകീഴായി മറിഞ്ഞത്.
ലോറിക്ക് മുകളിലുണ്ടായിരുന്ന തടിക്കഷ്ണങ്ങൾക്കിടയിലാണ് ഞാൻ പെട്ടത്. തൊട്ടടുത്ത് മരത്തടികൾക്കിടയിൽനിന്ന് ആരുടെയൊക്കെയോ നിലവിളി കേൾക്കാമായിരുന്നു. ആദ്യം ഓടിയെത്തിയവരാണ് എന്നെ പുറത്തെടുത്തത്.
Content Highlights: Lorry accident in panathur