കോഴിക്കോട്: പെർമിറ്റ് വേണ്ടെന്നും ടാക്സ് വേണ്ടെന്നുമൊക്കെയുള്ള സർക്കാർ വാഗ്ദാനം കേട്ടാണ് ഞങ്ങളൊക്കെ വണ്ടിയെടുത്തത്. കുട്ടികളുടേയും ഭാര്യയുടേയുമൊക്കെ സ്വർണം ബാങ്കിൽവെച്ച് ലോണുമെടുത്തു. ചിലർ ആധാരം പോലും പണയം വെച്ചിട്ടുണ്ട്. മാസത്തിൽ 9000 രൂപയോളം അടവുണ്ടാകും. പക്ഷെ, ഓട്ടോയെടുത്ത് നഗരത്തിലിറങ്ങിയ അന്ന് തുടങ്ങിയതാണ് ഞങ്ങളെ യൂണിയൻകാർ തലങ്ങും വിലങ്ങും ഓടിക്കാൻ. പെർമിറ്റില്ലെന്നും പറഞ്ഞ് യൂണിയൻകാർ വണ്ടി തടയുന്നു, ആളുകളെ ഇറക്കി വിടുന്നു, അസഭ്യം പറയുന്നു. കാല് പിടിച്ച് പറഞ്ഞിട്ടും രക്ഷയില്ല.
32 വർഷത്തോളമായി ഡീസൽ വണ്ടിയോടിച്ച് കൈയ്ക്ക് സ്വാധീനം കുറയുന്നത് പോലെ തോന്നിയപ്പോഴായിരുന്നു ഇലക്ട്രിക്ക് ഓട്ടോയിലേക്ക് മാറിയത്. പക്ഷെ ജീവിക്കാൻ അനുവദിക്കുന്നില്ല. കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക്ക് ഓട്ടോ ഓടിക്കുന്ന 62 വയസ്സുകാരൻ ദേവാനന്ദന് സങ്കടം പറയുന്നു. പരാതിപറഞ്ഞ് മടുത്തു, ഉദ്യോഗസ്ഥർ പോലും കൈവിട്ടു.
ഇലക്ട്രിക് ഓട്ടോറിക്ഷയ്ക്ക് പെർമിറ്റ് വേണ്ടെന്നും എവിടേയും ഓടാമെന്നും സർക്കാർ പറയുന്നുണ്ടെങ്കിലും കോഴിക്കോട് നഗരത്തിലെ ഒരുകൂട്ടം യൂണിയൻ പ്രവർത്തകരാണ് പെർമിറ്റിന്റെ പേര് പറഞ്ഞ് ഇലക്ട്രിക് ഓട്ടോറിക്ഷകളെ വഴിയിൽ തടയുന്നത്. പ്രശ്നങ്ങൾ പലപ്പോഴായി പറഞ്ഞുതീർത്തെങ്കിലും ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. ആളുകൾ ഏറെയുള്ള ബസ് സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ ഇവരെ മറ്റ് ഓട്ടോക്കാർ അടുപ്പിക്കുക പോലുമില്ല. താൽക്കാലികമായി സരോവരത്തും ബട്ട് റോഡ് ബീച്ചിലും ഇലക്ട്രിക്ക് സ്റ്റാൻഡ് അനുവദിച്ചെങ്കിലും ഇവിടെ നിന്ന് പോലും കൃത്യമായി ഓടാൻ സമ്മതിക്കുന്നില്ല. പുതിയ പെർമിറ്റ് ഇപ്പോൾ അനുവദിക്കുന്നില്ലെങ്കിലും താൽക്കാലികമായി ജില്ലാ ഭരണകൂടം ഇവർക്ക് സി.സി.ഇ നമ്പർ അനുവദിച്ചിരുന്നു. ഇതിനും കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയാണ് ഇപ്പോൾ ഒരു കൂട്ടം യൂണിയൻ പ്രവർത്തകർ ഓട്ടോകളെ തടയുന്നത്. യാത്രക്കാരെ ഇറക്കിവിടുന്നത് പതിവായതോടെ പലരും ഇലക്ട്രിക്ക് ഓട്ടോയിൽ കയറാൻ മടികാണിക്കുന്നതായും ഡ്രൈവർമാർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് നഗരത്തിൽ എത്തിയപ്പോൾ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് പോവാനായി ചേളന്നൂർ സ്വദേശിയായ ജയപ്രകാശ് സരോവരത്ത് നിന്ന് ഒരു ഇലക്ട്രിക്ക് ഓട്ടോറിക്ഷയിൽ കയറിയത്. പക്ഷെ യാത്രതുടരുന്നതിനിടെ സിസി ഓട്ടോറിക്ഷക്കാർ എത്തി ജയപ്രകാശിനെ നടുറോഡിൽ ഇറക്കിവിട്ടു. അടിയന്തരമായി മെഡിക്കൽ കോളേജിൽ പോവണമെന്ന് പറഞ്ഞിട്ടും തന്നെ ഓട്ടോയിൽ നിന്ന് ഇറക്കിവിട്ടെന്നും നിങ്ങൾ ഇതിലിരുന്ന് ചത്താലും പ്രശ്നമില്ല, ഇത് ഞങ്ങളുടെ പ്രശ്നമാണ് എന്ന് പറഞ്ഞ് അസഭ്യം പറഞ്ഞെന്നും ജയപ്രകാശ് പറയുന്നു. വിഷയത്തിൽ നടക്കാവ് പോലീസിൽ പരാതി നൽകിയിട്ടും കാര്യമായി നടപടിയൊന്നും ഉണ്ടായിട്ടല്ലെന്നും ഇയാൾ മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു.
ഇത്തരത്തിൽ നിരവധി പേരെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ പെരുവഴിയിൽ ഇറക്കിവിട്ടത്. ഇതിലെല്ലാം പരാതിയുണ്ടെങ്കിലും പോലീസ് നടപടിയെടുക്കുകയോ പാവപ്പെട്ട തൊഴിലാളികൾക്ക് ജോലിയെടുക്കാനുള്ള സാഹചര്യമൊരുക്കുകയോ ചെയ്യുന്നില്ല. സി.സി പെർമിറ്റ് ആവശ്യമില്ലാത്ത ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ നഗരത്തിൽ വർധിച്ചാൽ കാലങ്ങളായി സി.സി പെർമിറ്റുകൾ കുത്തകയായി കൈവശം വെച്ചിരിക്കുന്നവരുടെ വരുമാനം നഷ്ടപ്പെടും. ഇതാണ് പ്രശ്നത്തിന് കാരണമെന്ന് ഇലക്ട്രിക്ക് ഓട്ടോക്കാർ പറയുന്നു.സ്റ്റാൻഡിലിട്ട് ഓടാൻ സമ്മതിക്കാത്തതോടെ ആളുകളെ തേടി വിശ്രമമില്ലാതെ നഗരം ചുറ്റേണ്ട ഗതികേടിലുമാണ് ഇ.ഓട്ടോ ഡ്രൈവർമാർ. അതു തന്നെ തടയുകയും ചെയ്യും. നന്മയുടെ കഥമാത്രം കേട്ടിരുന്ന കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരിൽ നിന്ന് തന്നെയാണ് ഇത്തരത്തിലുള്ള മനുഷ്യത്വ രഹിതമായ നടപടിയുമുണ്ടാവുന്നത്.