കൊച്ചി > ഫേസ്ബുക്ക് പരാമര്‍ശങ്ങളുടെ പേരില്‍ മുന്‍ മജിസ്ടേറ്റ് എസ് സുദീപ് നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സമന്‍സ് കൈപ്പറ്റിയെങ്കിലും സുദീപ് ഹാജരായില്ല. എന്നാല്‍ സുദീപിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റുകളെക്കുറിച്ച് പരിശോധിക്കണമെന്നാണു രജിസ്ട്രിയോട് നിര്‍ദേശിച്ചതെന്നുമാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യാഴാഴ്ച കോടതിയില്‍ പറഞ്ഞത്.
സ്വയം രക്തസാക്ഷിയാവാനാണ് സുദീപിന്റെ ശ്രമം. അതിനു വളംവച്ചു നല്കാന് ആഗ്രഹിക്കുന്നില്ല. സുദീപിന് പറയാനുള്ളത് കേള്‍ക്കാന്‍ കോടതി ഒരവസരം നല്‍കിയെങ്കിലും വിനിയോഗിച്ചില്ല. സുദീപ് ഭീരുവാണ്. കോടതിയെ അഭിമുഖീകരിക്കാന്‍ തയ്യാറല്ല. ഇതു പോലെയുള്ള പോസ്റ്റുകള്‍ ഇടുന്നവര്‍ ഉള്ളതുകൊണ്ടാണ് സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം വേണ്ടിവരുന്നത്. കോടതിക്ക് അതിനോട് യോജിപ്പില്ല.
സുദീപിനെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കണമെന്ന ആവശ്യം കോടതി നിരസിച്ചു. കോടതിക്ക് അതില്‍ താല്പര്യമില്ല. നടപടിയെടുത്താല്‍ അത് പര്വ്വതീകരിക്കലാവും.
പ്രശസ്തിയാണ് ലക്ഷ്യം. സുദീപ് വ്യക്തിപരമായി ആക്രമിക്കുന്നതില്‍ വിഷമമില്ല. പക്ഷേ അന്വേഷണം തടസപ്പെടുത്താന്‍ അനുവദിക്കില്ല. എഫ്ബി പോസ്റ്റുകള്‍ വഴി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ ഇടപെടും. ഇതുപോലത്തെ ആളുകളെ തുറന്നുകാട്ടണമെന്നും കോടതി പ്രതികരിച്ചു.
സുദീപ് ഡിസംബര്‍ നാലിനു ഫേസ്ബുക്കില്‍ മോന്സണ് കേസുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച കുറിപ്പാണ് കോടതിയുടെ ഇടപെടലിന് ഇടയാക്കിയത്. കുറിപ്പ് കോടതിയേയും ജഡ്ജിയെയും വിമര്‍ശിക്കുന്നതാണെന്നു ഒരു അഭിഭാഷകന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച നേരിട്ടു ഹാജരായി വിശദീകരണം നല്കാന് സുദീപിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.
കോടതിയെ നേരിട്ടുകണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ സുദീപിനു താല്‍പ്പര്യമില്ലെന്നു മനസിലാക്കുന്നതായി കോടതി പറഞ്ഞു. എഫ്ബി പോസ്റ്റുകള്‍ ചീഫ് ജസ്റ്റീസിന് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസിനോട് ആലോചിച്ചശേഷം അന്വേഷണം നടത്താനും രജിസ്ട്രിയോട് കോടതി ഉത്തരവിട്ടു. സുദീപിനെതിരായ നടപടികള്‍ തീര്‍പ്പാക്കി.
ആരെക്കുറിച്ചും എന്തിനെക്കുറിച്ചും പരുഷമായ രീതിയില്‍ എന്തും പറയാമെന്നും, തങ്ങള്‍ക്ക് ഒന്നിനോടും ഉത്തരവാദിത്തമില്ലെന്നുമുള്ള പ്രതികരണക്കാരുടെ മനോഭാവമാണ് സോഷ്യല്‍ മീഡിയ നേരിടുന്ന വര്‍ത്തമാനകാല ദുരന്തമെന്ന് കോടതി അഭിപ്രായപ്പെട്ടു. സദ്ഗുണമുള്ളവരുടെ കയ്യില്‍ സോഷ്യല്‍ മീഡിയ നന്മയുള്ളതാവുമ്പോള്, അങ്ങനെയല്ലാത്തവര്‍ക്ക് തങ്ങളുടെ പക്ഷപാതം പ്രകടിപ്പിക്കാനും അഴിഞ്ഞാട്ടത്തിനും ഉള്ള കളിക്കളമായി മാറിയിട്ടുണ്ടന്നും കോടതി അഭിപ്രായപ്പെട്ടു.