ആലപ്പുഴ > എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതക കേസിലെ പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ചത് സേവാഭാരതിയുടെ ആംബുലന്‍സ്. ആംബുലന്‍സ് ഡ്രൈവര്‍ അടക്കം നാലു പേര് ചേര്‍ത്തലയില്‍ അറസ്റ്റിലായി. ചേര്‍ത്തല ഗവ. താലൂക്ക് ആശുപത്രി സ്റ്റാന്‍ഡിലെ സേവാഭാരതി ആംബുലന്‍സ് ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കാറിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.
ആംബുലന്‍സിന് പൊലീസ് കാവലും ഏര്‍പ്പെടുത്തി. പ്രതികള്‍ രക്ഷപ്പെട്ടത് ഈ ആംബുലന്‍സിലാണെന്ന് സംശയിക്കുന്നു. മൂന്നു പേരെ കൂടി കരുതല്‍ തടങ്കലില്‍ എടുത്തതായി ചേര്‍ത്തല പൊലീസ് പറഞ്ഞു. ഇവര്‍ പ്രതികളുമായി ബന്ധം പുലര്‍ത്തിയതായാണ് സംശയം. ഇവരുടെ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകുമെന്നും പൊലീസ് പറഞ്ഞു.
രഞ്ജിത്ത് വധം: അറസ്റ്റിലായവര്‍ക്ക് ഗൂഢാലോചനയില്‍ പങ്ക്
ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ അറസ്റ്റിലായ അഞ്ച് എസ്ഡിപിഐക്കാര്‍ക്കും ഗൂഢാലോചനയില്‍ പങ്കെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. മുഖ്യപ്രതികള്‍ക്ക് വാഹനമെത്തിച്ച് കൊടുത്തതും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയതും ഇവരാണ്.
ചൊവ്വാഴ്ച രാത്രി പിടിയിലായ മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശികളായ മാച്ചനാട് കോളനിയില്‍ അലി അഹമ്മദ് (18), നിഷാദ് ഷംസുദ്ദീന് (36), പരപ്പില്‍ ആസിഫ് സുധീര്‍ (അച്ചു–19), തുരുത്തിയില്‍ ?ഗാര്‍ഡന്‍സില്‍ അര്‍ഷാദ് നവാസ് (22), അടിവാരം സെബില്‍ മന്‍സിലില്‍ സുധീര്‍ (34) എന്നിവരെ ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഗൂഢാലോചനയില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പ്രത്യേക അന്വേഷകസംഘം പറഞ്ഞു. മറ്റ് പ്രതികള്‍ക്കായി സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നു. ഡിസിആര്‍ബി ഡിവൈഎസ്പി കെ എല്‍ സജിമോന്‍, ആലപ്പുഴ ഡിവൈഎസ്പി എന്‍ ആര് ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.