ആലപ്പുഴ > ആലപ്പുഴയിലെ നിഷ്ഠുരമായ കൊലപാതകത്തെ മുൻനിർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാമർശം യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് എച്ച് സലാം എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു. രണ്ട് കൊലയിലും ഉന്നത ഗൂഢാലോചനയുണ്ടെന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് സിപിഐ എമ്മിനും പൊലീസിനുമെതിരെ കെ സുരേന്ദ്രന്റെ പ്രസ്താവന.
വ്യക്തിപരമായി എനിക്കെതിരെയും പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. അന്വേഷണത്തെ വഴിതിരിക്കാനാണീ ഗൂഢനീക്കം. വാർത്താസമ്മേളനത്തിൽ എനിക്കെതിരെ സുരേന്ദ്രൻ നടത്തിയ പരാമർശം ശുദ്ധഅസംബന്ധമാണ്. എംഎൽഎയും സിപിഐ എമ്മും എസ്ഡിപിഐയെ സഹായിച്ചു എന്ന തരത്തിലാണ് സുരേന്ദ്രന്റെ പ്രസ്താവന. അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് വ്യക്തി അധിക്ഷേപം നടത്തിയ കെ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കും. സ്കൂളിൽ എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച എന്റെ മതനിരപേക്ഷ നിലപാട് ജനങ്ങൾക്ക് ബോധ്യമുണ്ട്. അതിന് കെ സുരേന്ദ്രനെ പോലെ വർഗീയവാദികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. തെരഞ്ഞെടുപ്പ് വേളയിലും ബിജെപി നടത്തിയ ഇത്തരം പ്രചാരണങ്ങളെ ജനങ്ങൾ തള്ളിയതാണ്. ലക്ഷണമൊത്ത ഒരു വർഗീയവാദിയാണെന്ന് സുരേന്ദ്രൻ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തിയെന്നും സലാം പറഞ്ഞു.