ഇന്ന് വൈകീട്ട് 5.30ന് കൊച്ചി രവിപുരം ശ്‌മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കും. പിടി തോമസിൻ്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാകും സംസ്കാര ചടങ്ങുകൾ നടക്കുക. കൊച്ചി പാലാരിവട്ടത്തെ വസതിയിലെത്തിക്കുന്ന മൃതദേഹം രാവിലെ എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലും എറണാകുളം ടൗൺ ഹാളിലും ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് നാല് വരെ കാക്കനാട് കമ്യൂണിറ്റി ഹാളിലും പൊതുദർശനത്തിന് വെക്കും.
കൊച്ചിയിലേക്ക് എത്തിക്കുന്നതിനിടെ പി ടി തോമസിന് അന്തിമ ഉപചാരം അർപ്പിക്കാൻ ആയിരങ്ങൾ എത്തുന്ന സാഹചര്യത്തിൽ മൃതദേഹം കൊച്ചിയിൽ എത്തിക്കുന്നത് വൈകിയേക്കും. വെല്ലൂരിൽ നിന്ന് ഇടുക്കിയിൽ എത്തിച്ച മൃതദേഹം ജില്ലാ കളക്ടറും ഇടുക്കി എംപിയുമായ ഡീൻ കുര്യക്കോസും ചേർന്ന് സംസ്ഥാന അതിർത്തിയിൽ വെച്ച് പുലർച്ചെ ഏറ്റുവാങ്ങി. പുലർച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചു. ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ട് പോകുകയും ചെയ്തു. രാവിലെ 9 മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കാനാണ് ശ്രമം. എറണാകുളം ഡിസിസിയിലാകും പൊതുദർശനം. ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ കൂടുതൽ നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും.
അർബുധ ബാധയെത്തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പി ടി തോമസിൻ്റെ മരണം സംഭവിച്ചത്. നാല് പ്രാവശ്യം എംഎൽഎയും ഒരു തവണ എംപിയുമായിരുന്നും അദ്ദേഹം. കെപിസിസി വർക്കി പ്രസിഡൻ്റ് കൂടിയാണ് പി ടി തോമസ്.
തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ നിയമസഭയിൽ എത്തിയ അദ്ദേഹം 2009 -14 വർഷങ്ങളിൽ ഇടുക്കി എംപിയായി ചുമതല വഹിച്ചു. ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിൻ്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നാണ് പി ടി തോമസിൻ്റെ ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ. ലോ കോളേജ് എറണാകുളം, കൊഴിക്കോട് എന്നിവടങ്ങളിലായിരുന്നു അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം.
1991, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്ന് 2016ലും 2021ൽ തൃക്കാക്കരയിൽ നിന്നും ജയിച്ചു. 2009ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് എം പിയായി. 1996, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പിജെ ജോസഫിനോട് പരാജയപ്പെട്ടു.