ആലപ്പുഴ > എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതക കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന സംശയത്തിൽ ആംബുലൻസ് ഡ്രൈവർ അടക്കം നാലു പേർ ചേർത്തലയിൽ അറസ്റ്റിലായി. ചേർത്തല ഗവ. താലൂക്ക് ആശുപത്രി സ്റ്റാൻഡിലെ സേവാഭാരതി ആംബുലൻസ് ഡ്രൈവർ ചേർത്തല സ്വദേശി അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കാറിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു.
ആംബുലൻസിന് പൊലീസ് കാവലും ഏർപ്പെടുത്തി. പ്രതികൾ രക്ഷപ്പെട്ടത് ഈ ആംബുലൻസിലാണെന്ന് സംശയിക്കുന്നു. മൂന്നു പേരെ കൂടി കരുതൽ തടങ്കലിൽ എടുത്തതായി ചേർത്തല പൊലീസ് പറഞ്ഞു. ഇവർ പ്രതികളുമായി ബന്ധം പുലർത്തിയതായാണ് സംശയം. ഇവരുടെ ഫോൺ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നും പൊലീസ് പറഞ്ഞു.
രഞ്ജിത്ത് വധം : അറസ്റ്റിലായവർക്ക് ഗൂഢാലോചനയിൽ പങ്ക്
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ അഞ്ച് എസ്ഡിപിഐക്കാർക്കും ഗൂഢാലോചനയിൽ പങ്കെന്ന് റിമാൻഡ് റിപ്പോർട്ട്. മുഖ്യപ്രതികൾക്ക് വാഹനമെത്തിച്ച് കൊടുത്തതും ബൈക്കിന്റെ നമ്പർ പ്ലേറ്റ് മാറ്റിയതും ഇവരാണ്.
ചൊവ്വാഴ്ച രാത്രി പിടിയിലായ മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശികളായ മാച്ചനാട് കോളനിയിൽ അലി അഹമ്മദ് (18), നിഷാദ് ഷംസുദ്ദീൻ (36), പരപ്പിൽ ആസിഫ് സുധീർ (അച്ചു–-19), തുരുത്തിയിൽ ഗാർഡൻസിൽ അർഷാദ് നവാസ് (22), അടിവാരം സെബിൽ മൻസിലിൽ സുധീർ (34) എന്നിവരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ഗൂഢാലോചനയിൽ കൂടുതൽ പ്രതികളുണ്ടെന്ന് പ്രത്യേക അന്വേഷകസംഘം പറഞ്ഞു. മറ്റ് പ്രതികൾക്കായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ചു. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നു. ഡിസിആർബി ഡിവൈഎസ്പി കെ എൽ സജിമോൻ, ആലപ്പുഴ ഡിവൈഎസ്പി എൻ ആർ ജയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.