തിരുവനന്തപുരം
വർക്കല ശിവഗിരി തീർഥാടനം 30മുതൽ ജനുവരി ഒന്നുവരെ നടക്കുമെന്ന് ശിവഗിരിമഠം ശ്രീനാരായണധർമ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 30ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പകൽ 12.30ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ആരോഗ്യ സമ്മേളനവും മൂന്നിന് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി കൃഷി സമ്മേളനവും ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് ബ്രഹ്മവിദ്യാലയ കനകജൂബിലി സമ്മേളനം ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. 31ന് പുലർച്ചെ അഞ്ചിനാണ് ഘോഷയാത്ര. 9.30ന് തീർഥാടന സമ്മേളനം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്യും. 12.30ന് ശ്രീനാരായണ സാഹിത്യ സമ്മേളനം സാംസ്കാരിക മന്ത്രി സജി ചെറിയാനും മൂന്നിന് ശാസ്ത്ര സാങ്കേതിക സമ്മേളനം കേന്ദ്രമന്ത്രി പി അശ്വിനി വൈഷ്ണവും ഉദ്ഘാടനം ചെയ്യും. ആറിന് ശ്രീനാരായണ ദാർശനിക സമ്മേളനം. ഉദ്ഘാടകൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.
ജനുവരി ഒന്നിന് പ്രതിഷ്ഠാദിനാഘോഷവും ശ്രീനാരായണ പ്രസ്ഥാന സംഗമവും. ഉദ്ഘാടനം കൃഷി മന്ത്രി പി പ്രസാദ്. പകൽ രണ്ടിന് ‘സാമൂഹ്യനീതി അസമത്വവും പരിഹാരവും’ സമ്മേളനം റവന്യുമന്ത്രി കെ രാജനും വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ഗതാഗതമന്ത്രി ആന്റണി രാജുവും ഉദ്ഘാടനം ചെയ്യും. സ്വാമി ഗുരുപ്രസാദ്, സ്വാമി അമേയാനന്ദ, മീഡിയ കമ്മിറ്റി ചെയർമാൻ ഡോ. എം ജയരാജു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.