കൊച്ചി
‘അടക്കം പള്ളിയിൽ വേണ്ട. മൃതദേഹം എറണാകുളം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണം. റീത്ത് വയ്ക്കരുത്. ചിതാഭസ്മത്തിന്റെ ഒരുഭാഗം ഇടുക്കി ഉപ്പുതോട്ടിൽ അമ്മയുടെ കല്ലറയിൽ വയ്ക്കണം. അന്ത്യയാത്രയിൽ വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും’ എന്ന ഗാനം കേൾപ്പിക്കണം’. ഈ അന്ത്യാഭിലാഷം സഫലീകരിച്ചാകും തൃക്കാക്കര എംഎൽഎ പി ടി തോമസ് യാത്രയാകുക. വ്യക്തിജീവിതത്തിലും വേറിട്ട നിലപാടുകൾക്ക് ഉടമയായിരുന്നു പി ടി. കലാലയ ജീവിതകാലത്തെ കൂട്ടുകാരി ഉമയെ ജീവിതസഖിയാക്കിയതും അതേ നിലപാടിൽ നിന്ന്.
പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുക്കുമ്പോൾ പാർടിയിൽ ഒറ്റയാനായി. കിറ്റെക്സ് കമ്പനിയുമായി വരെ ഇടഞ്ഞു. അഴിമതിരഹിത പ്രതിഛായക്ക് സാമ്പത്തിക ഇടപാട് വിവാദം കോട്ടമുണ്ടാക്കി. ഇടപ്പള്ളി അഞ്ചുമനയിൽ കള്ളപ്പണം നൽകിയ ഭൂമിയിടപാടിന് മധ്യസ്ഥനായതാണ് കാരണം. കടവന്ത്ര ചിലവന്നൂർ കോച്ചാപ്പിള്ളി തോട് നികത്തലിൽ വിജിലൻസ് കേസിൽ പെട്ടതും വിവാദമായി.