തേഞ്ഞിപ്പലം
സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് അവസാനിക്കാൻ ഒരുപകൽ അവശേഷിക്കെ നിലവിലെ ജേതാക്കളായ പാലക്കാട് കുതിപ്പ് തുടരുന്നു. 352 പോയിന്റുമായാണ് പാലക്കാടിന്റെ മുന്നേറ്റം. എറണാകുളം (295.5), കോഴിക്കോട് (262.5), കോട്ടയം (229.5) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
മൂന്നാംദിനത്തിൽ 10 മീറ്റ് റെക്കോഡുകൾ പിറന്നു. ഇതോടെ കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ 15 മീറ്റ് റെക്കോഡുകളായി. അണ്ടർ 20 പെൺകുട്ടികളുടെ 10 കിലോമീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ സാന്ദ്ര സുരേന്ദ്രന്റെ (49:57.00) റെക്കോഡോടെയായിരുന്നു തുടക്കം. 100 മീറ്റർ ഹർഡിൽസിൽ തൃശൂരിന്റെ ആൻ റോസ് ടോമി കടമ്പകൾക്കുമുകളിലൂടെ അനായാസം പറന്നിറങ്ങി പുതിയ സമയംകുറിച്ചു (14.22). ഹൈജമ്പിൽ എറണാകുളത്തിന്റെ മീര ഷിബു പുതിയ ഉയരം കീഴടക്കി (1.72). മീറ്റ് ഇന്ന് സമാപിക്കും. മന്ത്രി വി അബ്ദുറഹിമാൻ ട്രോഫികൾ വിതരണം ചെയ്യും.