അന്റാനനാറിവോ
ഹെലികോപ്റ്റര്‍ തകര്‍ന്ന് നടുക്കടലില്‍ വീണ മന്ത്രി രക്ഷപ്പെടാന്‍ നീന്തിയത് 12 മണിക്കൂര്‍. കിഴക്കന്‍ ആഫ്രിക്കയിലെ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിലെ പൊലീസ് മന്ത്രിയായ സെർജ് ഗെല്ലെയാണ് മരണമുഖത്തുനിന്ന് അത്ഭുതകരമായി നീന്തിക്കയറിയത്. മൂന്നു പതിറ്റാണ്ടോളം പൊലീസുകാരനായ 57കാരന് ആഗസ്തിലാണ് മന്ത്രിയായത്. കോപ്റ്ററില്‍ ഒപ്പമുണ്ടായ വാറന്റ് ഓഫീസറും രക്ഷപ്പെട്ടു. മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുന്നു.
മഡഗാസ്കര്‍ തീരത്ത് ചരക്കു കപ്പല്‍ മറിഞ്ഞ് 64 പേര് മരിച്ചതിനു പിന്നാലെ സ്ഥലം സന്ദർശിക്കവെ തിങ്കളാഴ്ചരാത്രിയാണ് അപകടം. “രാത്രി 7.30 മുതൽ ചൊവ്വ രാവിലെ 7.30 വരെ കര ലക്ഷ്യമാക്കി നീന്തി. എനിക്ക് മരിക്കാന്‍ സമയമായില്ല. അൽപ്പം തണുപ്പടിച്ചെന്നല്ലാതെ പരിക്കൊന്നുമില്ല’ കരയിലെത്തിയ ഗെല്ലെ പ്രതികരിച്ചു. തീരനഗരമായ മഹംബോയിലാണ് മന്ത്രി നീന്തിയെന്തിയത്.
അനധികൃതമായി നൂറ്റിനാൽപ്പതോളം പേരുമായി യാത്രചെയ്ത ചരക്കുകപ്പലാണ് മഡഗാസ്കര്‍ തീരത്ത് ഇന്ത്യൻ മഹാസമുദ്രത്തിൽ മുങ്ങിയത്. 45പേരെ രക്ഷിച്ചു. ഇരുപതോളം പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.