ശബരിമല > എരുമേലിയിൽനിന്ന് കരിമല വഴി ശബരിമലയ്ക്കുള്ള കാനനപാത 30ന് തന്നെ തുറന്നേക്കും. ബുധൻ പമ്പയിൽ ചേർന്ന ഉന്നതാധികാര സമിതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. പാതയുടെ നവീകരണ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. 18 കിലോമീറ്റർ പൂർണമായും പെരിയാർ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയ്ക്ക് 35 കിലോമീറ്റർ ദൈർഘ്യമുണ്ട്. എട്ട് പ്രധാന ഇടത്താവളങ്ങൾ 8 ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നവീകരിക്കുന്നത്. തദ്ദേശവാസികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഡിപികളുടെ പ്രവർത്തനം 50 ശതമാനത്തോളം പിന്നിട്ടതായി യോഗം വിലയിരുത്തി. കാനനപാതയിൽ പ്രധാനമായും 18 കിലോമീറ്റർ ദൂരമാണ് നവീകരിക്കേണ്ടത്. ഇതാണ് പ്രധാനമായും പൂർത്തീകരിക്കുന്നത്.
സമയക്രമം അനുസരിച്ച് മാത്രം പാതയിലൂടെ പ്രവേശനം അനുവദിച്ചാൽ മതിയെന്ന് യോഗത്തിൽ തീരുമാനമായി. പാതയിൽ തീർഥാടകർക്കായി എട്ട് വിശ്രമകേന്ദ്രങ്ങൾ ഉണ്ടാകും. ഇതോടനുബന്ധിച്ച് കടകൾ ഒരുക്കും. അയ്യപ്പ സേവാസംഘം അന്നദാനം നടത്താനും തീരുമാനമായി. വലിയാനവട്ടം വരെ വൈദ്യുതി ഉപയോഗിച്ചുള്ള വിളക്കുകൾ സ്ഥാപിക്കും. മറ്റിടങ്ങളിൽ ജനറേറ്ററിന്റെ സഹായത്തോടെയാകും വെളിച്ചമൊരുക്കുക. 25ന് ദേവസ്വംബോർഡ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്തും. ഇതിന് ശേഷമാകും പാത തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമാകുക. ഒരുക്കങ്ങൾ ശബരിമല എഡിഎം അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിലുളള സംഘം ബുധനാഴ്ച നേരിട്ട് വിലയിരുത്തി.
ശബരിമലയിൽ കർപ്പൂരാഴി ഘോഷയാത്ര ഇന്ന്
മണ്ഡലകാല ഉത്സവത്തിന്റെ ഭാഗമായി ശബരിമല സന്നിധാനത്ത് കർപ്പൂരാഴി ഘോഷയാത്ര വ്യാഴവും വെള്ളിയും നടക്കും. വ്യാഴാഴ്ച തിരുവിതാംകൂർ ദേവസ്വംബോർഡ് ജീവനക്കാരും വെള്ളി സംസ്ഥാന പൊലീസ് ജീവനക്കാരുമാണ് കർപ്പൂരാഴി ഒരുക്കുന്നത്.
ശബരിമലയിൽ ഡൂട്ടിയിലുള്ള ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കും. എല്ലാവർഷവും മണ്ഡലപൂജയ്ക്ക് മുമ്പായാണ് കർപ്പൂരാഴി നടത്തുക. സന്നിധാനത്തെ പ്രധാന സ്റ്റേജിൽ വിവിധ മേളങ്ങളുടെ കലാപ്രകടനവും ഉണ്ടാകും. 24ന് ശബരിമല ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത് നയിക്കുന്ന പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേളയും നടക്കും.
അഗ്നിരക്ഷാ വകുപ്പ് പമ്പയിൽ മോക്ഡ്രിൽ നടത്തി
പമ്പാനദിയിൽ അടിക്കടി വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തര രക്ഷാപ്രവർത്തനങ്ങൾ ആവശ്യമായി വന്നാൽ എങ്ങനെ നേരിടും എന്ന് പരിശോധിക്കുന്നതിനായി ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ നേതൃത്വത്തിൽ എൻഡിആർഎഫിന്റെ സഹകരണത്തോടെ പമ്പയിൽ മോക്ഡ്രിൽ നടത്തി. പമ്പാനദിയിൽ കുളിച്ചുകൊണ്ടിരുന്ന അയ്യപ്പഭക്തൻ ചുഴിയിലും ഒഴുക്കിലും പെട്ട് വെള്ളത്തിൽ അകപ്പെടുകയും രക്ഷപ്പെടുത്തുന്നതുമായിരുന്നു മോക്ഡ്രിൽ.
ഫയർ ആൻഡ് റെസ്ക്യൂ സർവീസ് പമ്പ സ്പെഷ്യൽ ഓഫീസർ എ ടി ഹരിദാസന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സേനാംഗങ്ങളും സബ് ഇൻസ്പെക്ടർ സാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള 16 അംഗ എൻഡിആർഎഫ് സംഘവും പങ്കെടുത്തു.