കൊച്ചി > ആറ്റിങ്ങലിൽ പിങ്ക് പൊലീസ് അപമാനിച്ച പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇരുപത്തയ്യായിരം രൂപ കോടതിച്ചെലവ് കെട്ടിവയ്ക്കണം. അന്വേഷണ റിപ്പോർട്ടിലും സാക്ഷിമൊഴികളിലും പെൺകുട്ടി കരഞ്ഞതായി പറയുന്നുണ്ടെന്നും കോടതി പറഞ്ഞു. ഉദ്യോഗസ്ഥയ്ക്കെതിരെ സർക്കാരിന് അച്ചടക്കനടപടി സ്വീകരിക്കാമെന്നും അവരുടെ ഭാഗം കേൾക്കണമെന്നും കോടതി നിർദേശിച്ചു. ഉദ്യോഗസ്ഥയെ സർക്കാർ ആവശ്യമില്ലാതെ ന്യായീകരിച്ചെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പെൺകുട്ടിയുടെ മൗലികാവകാശം ലംഘിക്കപ്പെട്ടിട്ടില്ലെന്നും നഷ്ടപരിഹാരം നൽകാനാകില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. മൊബൈൽഫോൺ മോഷ്ടിച്ചെന്നാരോപിച്ച് വനിതാ പൊലീസുകാരി അപമാനിച്ചെന്നും സ്റ്റേഷനിലെത്തിച്ച് ദേഹപരിശോധന നടത്തിയെന്നും മാനസികാഘാതത്തിന് ചികിത്സ തേടേണ്ടിവന്നുവെന്നും 50 ലക്ഷം നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് പെൺകുട്ടി കോടതിയെ സമീപിച്ചത്.