ജയ്പൂര് > രാജസ്ഥാനിലെ നാല് ജില്ലകളില് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില് 13 സീറ്റുകളില് സിപിഐ എം വിജയിച്ചു. കോണ്ഗ്രസിന്റെ 278 സ്ഥാനാര്ത്ഥികളും ബിജെപിയുടെ 165 സ്ഥാനാര്ത്ഥികളും ബിഎസ്പിയുടെ 14 സ്ഥാനാര്ത്ഥികളും തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്രരരായി മത്സരിച്ച 97 പേര് വിജയിച്ചു.
15 അംഗങ്ങളുള്ള അനൂപ്ഗട് പഞ്ചായത്ത് സമിതിയില് മുഖ്യപ്രതിപക്ഷ കക്ഷി സിപിഐ എമ്മാണ്. കോണ്ഗ്രസ്-8, സിപിഐ എം-5, ബിജെപി-2 എന്നിങ്ങനാണ് ഇവിടത്തെ കക്ഷിനില. റായ്സങ്നഗര്, ശ്രീ വിജയനഗര് എന്നീ പഞ്ചായത്ത് സമിതികളിലും സിപിഐ എമ്മാണ് രണ്ടാമത്.
നാല് ജില്ലാ പരിഷതുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നു. ആകെയുള്ള 106 സീറ്റില് 62 സീറ്റുകളില് കോണ്ഗ്രസും 36 സീറ്റുകളില് ബിജെപിയും വിജയിച്ചു. ഗംഗാനഗര് ജില്ലാ പരിഷതിലെ രണ്ട് സീറ്റുകളില് സിപിഐ എം സ്ഥാനാര്ത്ഥികള്ക്ക് വിജയിക്കാനായി.
ബരന്, കോട്ട, ഗംഗാനഗര്, കരൗലി എന്നീ ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പില് 2251 സ്ഥാനാര്ത്ഥികള് മത്സരിച്ചു.