തിരുവനന്തപുരം: ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസും എസ്ഡിപിഐ നേതാവ് കെ.എസ് ഷാനും കൊല്ലപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വെല്ലുവിളികൾ നിറഞ്ഞ പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്നതും ചേരിതിരിവുണ്ടാക്കുന്നതുമായ അത്തരം പോസ്റ്റുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്.
ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർക്കും ഗ്രൂപ്പ് അഡ്മിൻമാർക്കുമെതിരേ കർശനമായ നടപടിയുണ്ടാകുമെന്നും കേരള പോലീസ് ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
സാമൂഹിക മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകൾ നിരീക്ഷിക്കുന്നുണ്ട്. നിയമവിരുദ്ധപോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഇതിനായി പോലീസിൽ പ്രത്യേക വിഭാഗമുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു.
Content Highlights: Kerala Police warns of hate content spreading through social media