ആലപ്പുഴ > ബിജെപി സംസ്ഥാന സെക്രട്ടറി രൺജീത് ശ്രീനിവവസിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള എസ്ഡിപിഐ പ്രവർത്തകരെക്കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു എന്ന ആരോപണം തെളിയിച്ചാൽ രാജിവെക്കാൻ തയ്യാറാണെന്ന് എഡിജിപി വിജയ് സാഖറെ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അറസ്റ്റിലായവര് കൊലയാളികൾക്ക് സഹായം നൽകിയ ആളുകളാണ്. ഇന്നലെ രാത്രി 350 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയതായും പരിശോധനകൾ തുടരുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.
ഷാൻ, രൺജീത് കൊലക്കേസുകളിൽ പിടിയിലായവരെല്ലാം കെലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരാണെന്നും എഡിജിപി ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായവർ കൃത്യത്തിൽ നേരിട്ട് പങ്കുള്ളവരല്ല. ബിജെപി നേതാവ് രൺജീത്തിന്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ എസ്ഡിപിഐ പ്രവർത്തകരാണ്. രണ്ടു കൊലപാതകങ്ങൾക്കു പിന്നിലും ഉന്നതതല ഗൂഢാലോചനയുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി റെയ്ഡ് നടക്കുന്നുണ്ട്. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.