തമിഴ്നാട്ടിലെ വെല്ലൂരിൽ ചികിത്സയിൽ കഴിയുന്നതിനിടെ നവംബർ 22ന് ഡിജോ കാപ്പനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മരണാനന്തര ചടങ്ങുകൾ നടത്തേണ്ടത് എങ്ങനെയാണെന്ന് പി ടി തോമസ് അറിയിച്ചത്. ഭാര്യ ഉമ അറിയാതെയാണ് ഫോൺ ചെയ്യുന്നതെന്നും താൻ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് കേൾക്കുകയും രഹസ്യമായി സൂക്ഷിക്കണമെന്നും പറഞ്ഞശേഷമാണ് മരണാന്തര ചടങ്ങുകൾ എങ്ങനെ നടത്തണമെന്ന നിർദേശം അദ്ദേഹം പങ്കുവച്ചത്.
കൊച്ചിയിലെ രവിപുരത്തെ ശ്‌മശാനത്തിൽ സംസ്കരിക്കണമെന്ന നിർദേശമാണ് പിടി തോമസ് ഡിജോ കാപ്പന് നൽകിയത്. മൃതദേഹം പൊതുദർശനത്തിന് വെക്കുമ്പോൾ റീത്ത് വെക്കാൻ പാടില്ല. ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം എന്ന ഗാനം പൊതുദർശനത്തിനിടെ ശാന്തമായി കേൾപ്പിക്കണം. കുടുംബാംഗങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ ചിതാഭസ്‌മം അമ്മയുടെ കല്ലറയ്ക്കുള്ളിൽ വെക്കാമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
തൻ്റെ പേരിലുള്ള സ്വത്തുക്കൾ ഭാര്യ ഉമയ്ക്ക് സ്വതന്ത്രമായി വീതം വെക്കാമെന്നും ഡിജോ കാപ്പനെ പി ടി തോമസ് അറിയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം തന്നെ സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് സംഘടനാ ചുമതലയുള്ള എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണൻ വ്യതമാക്കിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ താൽപ്പര്യങ്ങൾ പരിഗണിച്ചാകും അന്തിമതീരുമാനങ്ങൾ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അർബുധ ബാധയെത്തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് പി ടി തോമസിൻ്റെ മരണം സംഭവിച്ചത്. ഇന്ന് രാവിലെ 10.10 ഓടെയായിരുന്നു പിടി തോമസിൻ്റെ മരണം. അർബുധ ബാധയെത്തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. നാല് പ്രാവശ്യം എംഎൽഎയും ഒരു തവണ എംപിയുമായിരുന്നും അദ്ദേഹം. കെപിസിസി വർക്കി പ്രസിഡൻ്റ് കൂടിയാണ് പി ടി തോമസ്.
ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിൻ്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12നാണ് പി ടി തോമസിൻ്റെ ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ. ലോ കോളേജ് എറണാകുളം, കൊഴിക്കോട് എന്നിവടങ്ങളിലായിരുന്നു അദ്ദേഹത്തിൻ്റെ വിദ്യാഭ്യാസം. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള നേതാവാണ് പി ടി തോമസ്. 1991, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്ന് 2016ലും 2021ൽ തൃക്കാക്കരയിൽ നിന്നും ജയിച്ചു. 2009ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് എം പിയായി. 1996, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പിജെ ജോസഫിനോട് പരാജയപ്പെട്ടു.