കൊച്ചി > കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാന മന്ത്രി നരേന്ദ്ര മേദിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി ചെലവ് സഹിതം തള്ളി. ഹർജിക്കാരന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഹർജിക്ക് പിന്നിൽ പൊതുതാൽപര്യമില്ലെന്നും പ്രശസ്തി മാത്രമാണ് ലക്ഷ്യമെന്നും കോടതി വിമർശിച്ചു.
തുക ആറ് മാസത്തിനുള്ളിൽ സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് അടക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇത്തരം ബാലിശമായ ഹർജികൾ ഒഴിവാക്കാൻ പിഴ ഇടാക്കുന്നത് അത്യവശ്യമാണെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങള് പലര്ക്കും ഉണ്ടാകാം. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചിത്രം വാക്സിനേഷന് സര്ട്ടിഫിക്കറ്റില് വരുന്നതിന് എന്തിന് നാണിക്കണമെന്ന് ഹൈക്കോടതി ചോദിച്ചു.
കഴിഞ്ഞ ആഴ്ച പരിഗണിക്കവെ ഹർജിക്കാരനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നൂറ് കോടി ജനങ്ങള്ക്കില്ലാത്ത എന്ത് പ്രശ്നമാണ് ഹര്ജിക്കാരനുള്ളത്. ഇത്തരം ഹര്ജികള് കൊണ്ട് കോടതിയുടെ സമയം പാഴാക്കുകയാണെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുടെ ചിത്രമില്ലാതെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എടുക്കാൻ കഴിയുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വേണം എന്നാവശ്യപ്പെട്ട് കോട്ടയം കടുത്തുരുത്തി സ്വദേശി പീറ്റർ മ്യാലിപ്പറമ്പിൽ ആണ് ഹർജി സമർപ്പിച്ചത്.