തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുത്തതിന് ശേഷം പണം നൽകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധിച്ചു. പോലീസ് ഇടപെട്ട് അനുനയിപ്പിച്ചുവെങ്കിലും തുടർസമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. വിളപ്പിൽശാല സ്വദേശിയായ രാജി കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മൃതദേഹം വിട്ടുനൽകിയപ്പോഴായിരുന്നു മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം.
സാങ്കേതിക സർവകലശാലയ്ക്കായി ഭൂമിയും ഭൂരേഖയും ഏറ്റെടുത്തതിന് ശേഷം നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ കഴിയാതെ വന്നതോടെയാണ് രാജി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു. ഭൂമി വിട്ടുനൽകിയ നാട്ടുകാരും ചേർന്നാണ് പ്രതിഷേധിച്ചത്. ഭൂമി ഏറ്റെടുത്തതിലെ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഭൂമിയുടെ പ്രമാണം നൽകിയില്ലെങ്കിൽ തുക കോടതിയിൽ കെട്ടിവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്ഥലം ഏറ്റെടുത്തതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
തട്ടിപ്പിന് ഇരയായിതിലെ മനോവിഷമത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നും ഇനി ആർക്കും ഈ ഗതി ഉണ്ടാകാതിരിക്കാനാണ് തുടർസമരങ്ങൾ ആലോചിക്കുന്നതെന്നും നാട്ടുകാർ പറയുന്നു. മോർച്ചറിക്ക് മുന്നിൽ ആൾക്കൂട്ടമുണ്ടായതോടെയാണ് പോലീസ് സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിച്ചത്. ഏകദേശം അരമണിക്കൂറോളം പ്രതിഷേധിച്ച ശേഷമാണ് സമരക്കാർ പിരിഞ്ഞ് പോയത്. സാങ്കേതിക സർവകലാശാലയ്ക്കായി 100 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീട് ഇത് 50 ഏക്കറായി ചുരുക്കുകയായിരുന്നു.
Content Highlights: protest in front of mortuary with suicided woman`s deadbody