പാലക്കാട്> അട്ടപ്പാടിയില് എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ജനുവരി 15-നകം മാസ്റ്റര് പ്ലാന് തയ്യാറാക്കി നടപ്പിലാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്. രാഷട്രീയ പാര്ട്ടികളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം തേടുമെന്നും അദ്ദേഹം പറഞ്ഞു
മന്ത്രിയുടെ നേതൃത്വത്തില് അവലോകന യോഗം ചേര്ന്ന് മൂന്നാഴ്ചക്കിടെ നടപ്പിലാക്കിയ പ്രവര്ത്തനങ്ങള് വിലയിരുത്തി.ശിശു മരണം നടന്ന പശ്ചാത്തലത്തില് നവംബര് 27 ന് മന്ത്രിയുടെ നേതൃത്വത്തില് അട്ടപ്പാടിയില് ചേര്ന്ന യോഗത്തിനു ശേഷം നടപ്പിലാക്കിയ കാര്യങ്ങള് വിലയിരുത്താനാണ് അവലോകന യോഗം ചേര്ന്നത്. വിവിധ വകുപ്പ് മേധാവികള് ഇതുവരെ നടപ്പിലാക്കിയതും ഇനി നടപ്പിലാക്കാനുള്ള കാര്യങ്ങളും വിശദീകരിച്ചു.
ഓരോ വകുപ്പുകളും നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ധാരണയായിട്ടുണ്ട്. താഴേ തട്ടില് വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്ത്തിക്കും. ജനുവരി 15 -നകം മാസ്റ്റര് പ്ലാന് തയ്യാറാക്കി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു
പ്രത്യേക നോഡല് ഓഫീസറെ നിയമിക്കുന്ന കാര്യത്തില് സര്ക്കാര് ഉടന് തീരുമാനമെടുക്കും. ആദിവാസി ജനതയ്ക്ക് അനുവദിക്കുന്ന ഫണ്ട് കൃത്യമായി അവരിലേക്കെത്തുന്നുണ്ടോയെന്ന് പരിശോധിക്കും. ഊരുകള് കേന്ദ്രീകരിച്ച് സാക്ഷരതാ പ്രവര്ത്തനം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
കലക്ടര് മൃണ്മയി ജോഷി ശശാങ്കിന്റെ നേതൃത്വത്തില് ഓരോ ഘട്ടത്തിലും പ്രവര്ത്തന പുരോഗതി വിലയിരുത്തും. ആരോഗ്യം,വനം വകുപ്പ്, എക്സൈസ്, ഐ ടി ഡി പി , ഐ സി ഡി എസ് , കുടുംബശ്രീ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില് പങ്കെടുത്തു.