തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ എസ്.ഡി.പി.ഐയും ബിജെപിയും തയ്യാറാകണമെന്ന് സിപിഎം. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ നടത്തുന്ന നിഷ്ഠൂരമായ പരസ്പര കൊലപാതകങ്ങൾ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സിപിഎം ഭരണത്തിൽ കേരളം ക്രമസമാധാനമുള്ള സംസ്ഥാനമാണെന്നും അത് തകർക്കാനുള്ള ആസൂത്രിത ശ്രമം നടത്തുന്നവർ തന്നെ സർക്കാരിനെ പഴിക്കുന്നത് അതിശയകരമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വർഗ്ഗീയ ശക്തികൾ മത്സരിച്ച് നടത്തിയ കൊലപാതകങ്ങൾ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്. എസ്.ഡി.പി.ഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്കൂട്ടറിൽ കാറിടിച്ചിട്ട് ബി.ജെ.പിക്കാർ അരുംകൊല ചെയ്തപ്പോൾ, ബി.ജെ.പി നേതാവിനെ വീടുകയറി എസ്.ഡി.പി.ഐക്കാർ നിഷ്ഠൂരമായി കൊല്ലുകയായിരുന്നു. സംസ്ഥാനത്ത് നിലനിൽക്കുന്ന സമാധാന ജീവിതത്തെ തകിടം മറിയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ.
കേരളത്തെ ചോരക്കളമാക്കാൻ വിരുദ്ധ വർഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണർവോടെയും ജാഗ്രതയോടെയും രംഗത്തുവരണം. എൽ.ഡി.എഫ് ഭരണത്തിൽ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമാണ്. അതില്ലാതാക്കാനുള്ള ബോധപൂർവ്വമായ യജ്ഞത്തിലാണ് വർഗ്ഗീയ ശക്തികൾ. മതവർഗ്ഗീയത പരത്തി ജനങ്ങളിൽ സ്പർദ്ധയും അകൽച്ചയും ഉണ്ടാക്കി നാട്ടിൽ വർഗ്ഗീയ ലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും സിപിഎം ആരോപിച്ചു.
അക്രമ ശക്തികൾക്കെതിരെ കർശനമായ ഭരണ – പോലീസ് നടപടികളിലേക്ക് സംസ്ഥാന സർക്കാർ തൽക്ഷണം നീങ്ങിയെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കേരളം നിയമവാഴ്ചയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ പ്രസ്താവന ബി.ജെ.പിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്. ബി.ജെ.പിയുടെ സ്വരം തന്നെയാണ് കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളിൽ കേൾക്കുന്നതെന്നും സി.പി.ഐ (എം)സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Content Highlights: CPM against sdpi and bjp