ആലപ്പുഴ > എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കാർ കണ്ടെത്തിയത്. ഇന്നലെ മുതൽ സംശയാസ്പദമായ നിലയിൽ കാർ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. മാരാരിക്കുളം പൊലീസ് സംഘമെത്തി കാർ പരിശോധിച്ച് പ്രതികളുടേതെന്ന് സ്ഥിരീകരിച്ചു.
കേസിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിലയിട്ടുണ്ട്. മുഖ്യപ്രതിയുൾപ്പെടെയാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടനും പ്രസാദുമാണ് അറസ്റ്റിലായത്. ഗൂഢാലോചനയിലും കൊലപാതകത്തിലും ഇവർക്ക് പങ്കുണ്ടെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. ആകെ പത്തുപേരാണ് പ്രതികൾ. ബാക്കിയുള്ളവർക്കായി അന്വേഷണം ഊർജിതമാണ്. രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം അപ്രതീക്ഷിതമായിരുന്നു. കൊലപാതകങ്ങളിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കുമെന്നും വിജയ് സാഖറെ പറഞ്ഞു.
പ്രസാദ് ആണ് കൊലയാളിസംഘത്തെ സംഘടിപ്പിച്ചതും വാഹനം എത്തിച്ചുനല്കിയതുമെന്ന് എസ്.പി വി ജയ്ദേവ് പറഞ്ഞു. അതേസമയം ബിജെപി നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 12 പ്രതികളുണ്ടെന്ന് എഡിജിപി അറിയിച്ചു. പ്രതികളുടെ പേരുൾപ്പെടെ നിർണായക വിവരങ്ങൾ ലഭിച്ചു. എണ്ണം ഇനിയും കൂടാമെന്നും അദ്ദേഹം പറഞ്ഞു.