തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളുടേയും ഗുണ്ടാ ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രതാനിർദേശം. മൂന്ന് ദിവസം കർശന പരിശോധന നടത്താൻ ഡിജിപി നിർദേശം നൽകി. അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും നിർദേശിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിമാർക്കാണ് ഡിജിപി അനിൽകാന്ത് ഇത് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിരിക്കുന്നത്.
അടുത്ത മൂന്ന് ദിവസം വാഹനപരിശോധന കർശനമാക്കണം. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തണം. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കണം. സംഘർഷസാധ്യത മുന്നിൽകണ്ട് പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഏർപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ അത്യാവശ്യമല്ലാത്ത അവധികൾ ഒഴിവാക്കണം. ഒപ്പം അവധിയിലുള്ള പോലീസുകാർ ഉടൻ തിരിച്ചെത്തണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്. ചുമതലയുള്ള ഉദ്യോഗസ്ഥർ 24 മണിക്കൂറും പോലീസ് സ്റ്റേഷനിൽ സാന്നിധ്യമുണ്ടെന്ന് ഉറപ്പാക്കണം. പോലീസ് ആസ്ഥാനത്തും മേലുദ്യോഗസ്ഥർ ചുമതലയിലുണ്ടായിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Content Highlights : Vigilancein the state due to political assassinations;DGP ordered for strict surveillance and inspection