ആലപ്പുഴ: മണ്ണഞ്ചേരിയിലും ആലപ്പുഴ നഗരഹൃദയത്തിലും കൊലപാതകങ്ങൾ നടന്നപ്പോൾ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ഗുരുതര വീഴ്ചയുണ്ടായെന്ന ആരോപണത്തിന് മറുപടിയുമായി പോലീസ്. രണ്ടാമതായി കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകം പോലീസ് ഒട്ടുംപ്രതീക്ഷിച്ചിരുന്നില്ലെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു. രഞ്ജിത്ത് അത്തരത്തിൽ അക്രമികൾ ലക്ഷ്യമിട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നതായി യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴനഗരത്തിൽനിന്ന് എട്ടുകിലോമീറ്റർ വടക്കുമാറി മണ്ണഞ്ചേരിയിൽ എസ്.ഡി.പി.ഐ. സംസ്ഥാനസെക്രട്ടറി കെ.എസ്. ഷാൻ(38) കൊലചെയ്യപ്പെട്ട് 11 മണിക്കൂർ തികയുന്നതിനുമുൻപ് നഗരഹൃദയത്തിലാണ് ബി.ജെ.പി. നേതാവ് രഞ്ജിത്ത് ശ്രീനിവാസൻ(45) കൊല്ലപ്പെട്ടത്. ആദ്യ കൊലപാതകത്തിൽ പ്രതികാരമുണ്ടാകാനുള്ള സാധ്യത മനസ്സിലാക്കുന്നതിൽ പോലീസ് ഇന്റലിജൻസിന് വീഴ്ചപറ്റിയെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എഡിജിപിയുടെ വിശദീകരണം.
രണ്ട് കൊലപാതകങ്ങൾ തമ്മിൽ 12 മണിക്കൂർ ഇടവേള മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആദ്യ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെ മണിക്കൂറുകൾക്കുള്ളിൽ മനസ്സിലാക്കാൻ പോലീസിനായി. റെയ്ഡ് ചെയ്ത കുറച്ചാളുകളെ കസ്റ്റഡിയിലെടുക്കാനും സാധിച്ചു. ഇത്തരമൊരു സംഭവം നടക്കുമ്പോൾ ക്രമസമാധാനമാണ് പ്രധാന വിഷയം. അതിനായി എല്ലാവരും തിരക്കിലായിരുന്നു. രണ്ടാത്തെ ആൾ രഞ്ജിത്ത് കൊല്ലപ്പെടാൻ പോകുന്നത് സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ആരും പ്രതീക്ഷിച്ചില്ല. അതുകൊണ്ട് ആ കൊലപാതകം തടയാൻ സാധിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിച്ചിരുന്നെങ്കിൽ അത് തടയാമായിരുന്നു, വിജയ് സാഖറെ പറഞ്ഞു.
മണ്ണഞ്ചേരിയിൽ കൊലപാതകം നടന്നപ്പോൾ തിരിച്ചടി നഗരത്തിലേക്കു നീങ്ങുമെന്ന് രഹസ്യാന്വേഷണവിഭാഗം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് വിവരം. ജില്ലാ പോലീസ് ആസ്ഥാനവും ഒട്ടേറെ പോലീസ് സ്റ്റേഷനുകളും സ്ഥിതിചെയ്യുന്ന ആലപ്പുഴ നഗരത്തിൽ തന്നെയാണ് തിങ്കളാഴ്ച രാവിലെ അക്രമിസംഘം കൊല നടത്തിയത്. ബൈക്കുകളിൽ കൂട്ടമായെത്തുകയായിരുന്നു ഇവർ.രാത്രിയിലെ സംഭവത്തിനുശേഷം കർശന വാഹന പരിശോധന നടത്തിയിരുന്നെങ്കിൽ ഒരു കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്നാണ് അഭിപ്രായമുയരുന്നത്.
ആദ്യ കൊലപാതകത്തിനുശേഷം ബി.ജെ.പി.യുടെ ഒ.ബി.സി. മോർച്ച നേതാവ് നഗരഹൃദയത്തിലെ വീട്ടിൽ കൊലചെയ്യപ്പെട്ടത് മണിക്കൂറുകൾകൊണ്ടു നടത്തിയ ആസൂത്രണത്തിലൂടെയാണെന്നാണ് പോലീസ് കരുതുന്നത്. ശനിയാഴ്ചരാത്രി ഏഴരയ്ക്കാണ് എസ്.ഡി.പി.ഐ. നേതാവിനു വെട്ടേൽക്കുന്നത്. രാത്രി പന്ത്രണ്ടേമുക്കാലോടെ മരിച്ചു. ഈ ചുരുങ്ങിയ സമയത്തിനകംതന്നെ അക്രമികൾ തിരിച്ചടി ആസൂത്രണം ചെയ്തിരിക്കണം.
സംഘർഷമുണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസിന്റെ കണ്ണുണ്ടായിരുന്നു. മുൻകരുതൽ എന്നനിലയിൽ കുറെ ബി.ജെ.പി. നേതാക്കളെ ശനിയാഴ്ച രാത്രിയിൽത്തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, അവരുടെ കണക്കുകൂട്ടലുകൾ പിഴച്ചു.
മണ്ണഞ്ചേരിയിൽനിന്ന് അകലെയായതിനാൽ ആലപ്പുഴനഗരത്തിൽ കാര്യമായ പോലീസ് പരിശോധനയില്ലായിരുന്നു. നഗരത്തിൽപോലീസ് ശ്രദ്ധ എത്താൻസാധ്യതയില്ലെന്ന നിഗമനത്തിലാകണം അക്രമികൾ നഗരത്തിൽ താമസിക്കുന്ന നേതാവിനെ ലക്ഷ്യമിട്ടതെന്നാണു കരുതുന്നത്.
മാത്രമല്ല, സ്ഥലപരിചയമില്ലാത്തവർക്ക് ഈ വീട് കണ്ടെത്തുക പ്രയാസമാണ്. ഒട്ടേറെ വീടുകളുള്ള സ്ഥലമാണിത്. അക്രമിസംഘത്തിനു വീടുകണ്ടെത്താൻ കൃത്യമായ സഹായം പ്രാദേശികമായി ലഭിച്ചെന്നാണു വിലയിരുത്തൽ. അതിരാവിലെയായതിനാൽ റോഡിലും പരിസരങ്ങളിലും ആളും കുറവായിരുന്നു.