ആലപ്പുഴ > ആലപ്പുഴയിലുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടർ സര്‍വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ജില്ലാ കലക്ടറുടെ ചേംബറിൽ നടക്കുന്ന യോഗത്തില്‍ മന്ത്രിമാരും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജില്ലയിലെ ജനപ്രതിനിധികളും പങ്കെടുക്കും. കൊലപാതകങ്ങളുടെ ജില്ലയില്‍ നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് 50 ഓളം എസ്ഡിപിഐ‐ആർഎസ്എസ് പ്രവർത്തകർ കസ്റ്റഡിയിൽ ഉള്ളതായി പൊലീസ് പറഞ്ഞു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ്ഡിപിഐ പ്രവര്‍ത്തകരെയും നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എസ്ഡിപിഐയുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.