ആലപ്പുഴ: ബിജെപി പ്രവർത്തകർക്ക്കേരളത്തിൽ ജീവിക്കാൻ അവകാശമില്ലെന്ന നിലയിലേക്കാണ് കേരളത്തിലെ സ്ഥിതിഗതികളെ സംസ്ഥാന സർക്കാർ കൊണ്ടുപോകുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ബിജെപിക്കാരനായാൽ കൊലചെയ്യപ്പെടും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുകയാണെന്നും ഒരുമാസത്തിനിടെ കേരളത്തിൽ അഞ്ച് കൊലപാതകങ്ങൾ നടന്നത് ആഭ്യന്തരവകുപ്പിന്റെയും ഇന്റലിജൻസിന്റെയും സമ്പൂർണ പരാജയമാണ് കാണിക്കുന്നതെന്നും അദ്ദേഹം ആലപ്പുഴയിൽ പ്രതികരിച്ചു.
ആഴ്ചകൾക്ക് മുമ്പ് പാലക്കാട് ഒരു കൊലപാതകം നടന്നു. അതിനുപിന്നിലും ഇസ്ലാമിക ഭീകരവാദികളായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒരു അക്രമസംഭവം നടന്നു. എന്നാൽ അതിനുശേഷം സംസ്ഥാന സർക്കാർ എന്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നവർ വ്യക്തമാക്കണം. അക്രമങ്ങൾക്കെതിരേ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തെന്നാണ് പറയുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നവരാണ് ജനങ്ങളോട് ജാഗ്രത പാലിക്കാൻ പറയുന്നത്. ഇന്റലിജൻസ് സംവിധാനവും പട്രോളിങ്ങും ശക്തമാക്കുന്നതിന് പകരം അക്രമികൾക്ക് വളംവെച്ച് കൊടുക്കുന്ന സമീപനമെടുത്തതിന്റെ ഫലമാണ് ആലപ്പുഴയിലെ കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.
എന്ത് ചെയ്താലും അക്രമികൾക്ക് സംരക്ഷണം ലഭിക്കുമെന്ന സന്ദേശം മുൻകാല അനുഭവങ്ങളിലൂടെ ലഭിച്ചു. ഒരുമാസത്തിനിടെ അഞ്ച് കൊലപാതകങ്ങളാണ് സംസ്ഥാനത്ത് നടന്നത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും ഇന്റലിജൻസിന്റെയും സമ്പൂർണ പരാജയമാണ് ഇത് കാണിക്കുന്നത്. മുഖ്യമന്ത്രി അക്രമികൾക്ക് വളംവെച്ചുകൊടുക്കുന്ന സമീപനം അവസാനിപ്പിച്ച് അക്രമികളെ കർശനമായി നേരിടാനുള്ള നിലപാട് സ്വീകരിക്കണം. അതിലൂടെ മാത്രമേ കേരളത്തിൽ ക്രമസമാധാനം പുനഃസ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്നും വി.മുരളീധരൻ പറഞ്ഞു.
Content Highlights:alappuzha twin murder union minister v muraleedharan response