ആലപ്പുഴ:രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ സർവകക്ഷി യോഗം വിളിച്ച് ജില്ലാ കളക്ടർ. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നു മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിലാണ് യോഗം ചേരുക.
മന്ത്രിമാരും വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. സമാധാനം പുനഃസ്ഥാപിക്കാനുള്ള വഴികളും ആക്രമണ സംഭവങ്ങൾ പൂർണമായി ഒഴിവാക്കുന്നതിന് വേണ്ടിയുള്ള നടപടിക്രമങ്ങളും യോഗത്തിൽ ചർച്ചചെയ്യും.
നിലവിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ ആലപ്പുഴയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങൾ നടന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപിഐസംസ്ഥാന സെക്രട്ടറി കെ.എസ് ഷാനാണ് ആദ്യം കൊല്ലപ്പെട്ടത്. മണിക്കൂറുകൾക്കുള്ളിൽ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും കൊല്ലപ്പെട്ടു.
രഞ്ജിത് ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജിലെത്തിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിനു ശേഷം ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷം വിലാപ യാത്രയായി വെള്ളക്കിണറിലെ വീട്ടിലേക്കു കൊണ്ടുപോകും. രാത്രി ഒമ്പതു മണിയ്ക്ക് കുടുംബവീടായ വലിയ അഴീക്കലിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
Content Highlights: Alappuzha District Collector will conduct all party meeting Political Murder