തിരുവനന്തപുരം > സ്കൂളിലെ ഉച്ചഭക്ഷണത്തെ സംബന്ധിച്ച് മൂന്നാം ക്ലാസുകാരി ദേവ്നയുടെ നിവേദനത്തിൽ ഉടൻ നടപടി എടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്കൂളിലെ ദേവ്നയാണ് കണ്ണൂരിൽ മന്ത്രിയെ കാണാനെത്തിയത്. ദേവ്നയുടെ സ്കൂൾ സർക്കാർ ഏറ്റെടുത്തിരുന്നു. അതിൽ ദേവ്ന സന്തോഷമറിയിച്ചു. എന്നാൽ സർക്കാർ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഈ സ്കൂളിലെ കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നാണ് ദേവ്നയുടെ പരാതി. സ്കൂളിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ നടപടി എടുക്കണമെന്നും ദേവ്ന ആവശ്യപ്പെട്ടു.
ആറാം ക്ലാസിൽ പഠിക്കുന്ന ചേച്ചി അധീനക്ക് എൽഎസ്എസ് സർട്ടിഫിക്കറ്റും സ്കോളർഷിപ്പ് തുകയും ലഭിച്ചിട്ടില്ല എന്നും ദേവ്ന അറിയിച്ചു. സ്കൂളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനങ്ങൾ എടുത്തതായി ദേവ്നയെ മന്ത്രി അറിയിച്ചു. ഉച്ചഭക്ഷണം അടക്കം എല്ലാ കാര്യങ്ങളിലും പരിശോധിച്ച് വേണ്ട നടപടി എടുക്കും എന്ന് ദേവ്നക്ക് ഉറപ്പ് നൽകി.