തിരുവനന്തപുരം: ആലപ്പുഴയിലെ ബിജെപി, എസ്ഡിപിഐ നേതാക്കളുടെ കൊലപാതകത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലീസിന്റെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയ്യാറാകുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
12 മണിക്കൂർ ഇടവേളയിൽ ബിജെപിയുടെയും എസ്ഡിപിഐയുടെയും രണ്ട് സംസ്ഥാന നേതാക്കളാണ് ആലപ്പുഴയിൽ ദാരുണമായി കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് ആളൊഴിഞ്ഞ കുപ്പേഴം ജങ്ഷനിൽ വെച്ചായിരുന്നു ആക്രമണം. ഇതിനുപിന്നാലെയാണ് ഞായറാഴ്ച പുലർച്ചെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാനെ ഒരുസംഘം ആളുകൾ വെള്ളക്കിണറിലെ വീട്ടിൽക്കയറി വെട്ടിക്കൊന്നത്.
ഇരട്ടക്കൊലപാതങ്ങൾ നടന്ന സാഹചര്യത്തിൽ ഇന്നു നാളെയും (ഞായർ, തിങ്കൾ) ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർസംഘർഷങ്ങൾക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡിജിപി നിർദേശം നൽകി. സംഘർഷ സാധ്യതയുള്ള മേഖലകളിൽ പ്രത്യേക പെട്രോളിങ് നടത്താനും വാഹന പരിശോധന കർശനമാക്കാനുമാണ് നിർദേശം.
മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പൊലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ട്.
content highlights:CM Pinarayi Vijayans comments in Alappuzha double murder