ആലപ്പുഴ > ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുൻപേ ക്രൂരമായ രണ്ട് കൊലപാതകങ്ങൾ നടന്നതിന്റെ ഞെട്ടലിലാണ് ആലപ്പുഴ. മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും, വെള്ളക്കിണറിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനീവാസുമാണ് 12 മണിക്കൂറിനിടെ കൊലചെയ്യപ്പെട്ടത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു എസ്ഡിപിഐ ആംബുലന്‍സ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 11 പ്രവര്‍ത്തകരും കസ്റ്റഡിയിലുള്ളതായാണ് സൂചന. ഇതില്‍ നാല് പേരെ ആംബുലന്‍സില്‍നിന്ന് കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. നാൽപതോളം വെട്ടുകളേറ്റ ഷാനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 12 മണിയോടെ മരിച്ചു.
ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴയെ നടുക്കിയ രണ്ടാമത്തെ കൊലപാതകവും. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെ ആലപ്പുഴ വെള്ളക്കിണറിലെ വീട്ടില്‍ക്കയറിയാണ് രഞ്ജിത്തിനെ അക്രമികള്‍ വെട്ടിക്കൊന്നത്.
പ്രഭാതസവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ അക്രമികള്‍ വാതിലില്‍ മുട്ടുകയും വാതില്‍ തുറന്നതിന് പിന്നാലെ രഞ്ജിത്തിനെ വീട്ടില്‍ക്കയറി ഹാളിലിട്ട് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് വിവരം. തുടയിലും കഴുത്തിലുമാണ് രഞ്ജിത്തിന് മാരകമായി വെട്ടേറ്റത്. ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകന് കൂടിയാണ് കൊല്ലപ്പെട്ട രഞ്ജിത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായിരുന്നു.
ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ ഞായറാഴ്ചയും തിങ്കളാഴ്ചയും കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് നിരോധാനജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.