വക്കം: ഓളമടിച്ച് വള്ളത്തിനുള്ളിൽ വെള്ളം കയറിയപ്പോൾ എൻജിൻ നിർത്തി. കരയ്ക്കടുപ്പിക്കാമെന്നാണു കരുതിയത്. പെട്ടെന്ന് വള്ളം മുങ്ങി. രണ്ടുപേരെ രണ്ടുവശത്തായി പിടിച്ചുകൊണ്ട് നീന്തി. മറ്റേയാൾ പുറകേ നീന്തി. രക്ഷപ്പെടുത്താനെത്തിയ വള്ളത്തിൽ പിടിച്ച് തിരിഞ്ഞുനോക്കിയപ്പോൾ പിന്നിലുണ്ടായിരുന്നയാളെ കണ്ടില്ല. അപകടം നടന്ന വള്ളത്തിൽ പോലീസുകാർക്കൊപ്പമുണ്ടായിരുന്ന വള്ളക്കാരൻ അകത്തുമുറി തോണ്ടപ്പുറം ഉഷാമന്ദിരത്തിൽ വസന്തൻ പറയുന്നു.
കായലിൽ മീൻപിടിത്തമാണ് വസന്തന്റെ ജോലി. ശനിയാഴ്ച ജോലിയില്ലായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് വർക്കല സി.ഐ. വി.എസ്.പ്രശാന്ത്, പോലീസുകാരായ പ്രശാന്തകുമാർ, ബാലു എന്നിവർ പണയിൽക്കടവിലെത്തി വസന്തനെ സമീപിച്ച് പൊന്നുംതുരുത്തുവരെ പോകാൻ വള്ളമിറക്കാമോയെന്നു ചോദിച്ചത്. എൻജിൻ ഘടിപ്പിച്ച ചെറിയ ഓടിവള്ളമാണ് വസന്തൻ മീൻപിടിക്കാൻ ഉപയോഗിക്കുന്നത്. വള്ളത്തിന് നടുക്ക് ഒരു പലക ഇട്ടുകൊടുത്തതിലാണ് സി.ഐ. വി.എസ്.പ്രശാന്തും പ്രശാന്തകുമാറും ഇരുന്നത്. മരിച്ച ബാലു വള്ളത്തിന്റെ കൊമ്പത്താണിരുന്നത്. വള്ളമിറക്കി ഇരുന്നൂറ് മീറ്ററോളം ചെന്നപ്പോൾ ഓളമടിച്ച് വള്ളത്തിനുള്ളിൽ വെള്ളംകയറി. വെള്ളം കയറുന്നുണ്ടെന്നും കരയിലേക്കു തിരിക്കാമെന്നും പോലീസുകാരോടു പറയുകയും പെട്ടെന്ന് എൻജിൻ നിർത്തുകയും ചെയ്തു. നിമിഷനേരത്തിനുള്ളിൽ വള്ളം മുങ്ങിത്താണു.
സി.ഐ.യെയും ഒരു പോലീസുകാരനെയും രണ്ടുവശത്തായി പിടിച്ചുകൊണ്ട് നീന്തുകയും ഉച്ചത്തിൽ നിലവിളിക്കുകയും ചെയ്തു. പിന്നാലെയുണ്ടായിരുന്ന പോലീസുകാരനും നിലവിളിക്കുന്നുണ്ടായിരുന്നു. വിളികേട്ട് മധു വള്ളവുമായെത്തി. മധുവിന്റെ വള്ളത്തിൽ പിടിച്ച് തിരിഞ്ഞ് നോക്കുമ്പോൾ പിറകേയുണ്ടായിരുന്നയാളെ കണ്ടില്ല. മുങ്ങിപ്പോയെന്ന് മനസ്സിലായി. വിവരമറിഞ്ഞ് കായലിൽ മീൻപിടിക്കുന്നവരും കക്കവാരുന്നവരുമെല്ലാം ഓടിയെത്തി. വള്ളം മറിഞ്ഞഭാഗത്ത് തിരച്ചിൽ നടത്തി. അരമണിക്കൂറോളം തിരച്ചിൽ നടത്തിയാണ് മുങ്ങിപ്പോയയാളെ കണ്ടെത്തിയത്. കൺമുന്നിൽ അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ കഴിയാതിരുന്നതിന്റെ വേദന വസന്തന്റെ വാക്കുകളിലുണ്ട്. ഒട്ടേറെ രക്ഷാപ്രവർത്തനങ്ങൾ വസന്തൻ കായലിൽ നടത്തിയിട്ടുണ്ടെങ്കിലും താൻ നിയന്ത്രിക്കുന്ന വള്ളത്തിൽ ആദ്യമായാണ് ഇത്തരമൊരപകടമുണ്ടാകുന്നതെന്നും വസന്തൻ പറഞ്ഞു.
മുന്നിൽ മരണം; രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്
വർക്കല: മരണം മുന്നിൽക്കണ്ടു, രക്ഷപ്പെടില്ലെന്നാണ് വിചാരിച്ചത്. വള്ളക്കാരന്റെ അവസരോചിത ഇടപെടലും ഭാഗ്യവും കൊണ്ടുമാത്രമാണ് ജീവിതത്തിലേക്കു തിരിച്ചെത്തിയത്. പണയിൽക്കടവിലെ അപകടത്തിൽനിന്നു രക്ഷപ്പെട്ട വർക്കല ഇൻസ്പെക്ടർ വി.എസ്.പ്രശാന്തിന്റെ വാക്കുകളിൽ അപകടത്തിന്റെ ആഴം വ്യക്തമാകുന്നു.
രക്ഷപ്പെട്ടതിന്റെ ആശ്വാസത്തേക്കാൾ സഹപ്രവർത്തകനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് ഇൻസ്പെക്ടറിന്റെ വാക്കുകളിലുള്ളത്. യാത്രതുടങ്ങി കുറച്ചുദൂരം ചെന്നപ്പോൾത്തന്നെ വള്ളത്തിൽ വെള്ളംകയറിത്തുടങ്ങി. നീന്തലറിയാത്ത എന്നെ വള്ളക്കാരൻ മുങ്ങിപ്പോകാതെ പിടിച്ചുപൊക്കിയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ പൊങ്ങിവരാൻ കഴിയാതെയായി. ഇതോടെ രക്ഷപ്പെടില്ലെന്ന് മനസ്സിൽ ഉറപ്പിച്ചു. പിന്നീടുള്ളതൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല. ഒടുവിൽ കരയിൽനിന്നു മറ്റൊരു വള്ളമെത്തിച്ചപ്പോൾ അതിൽപ്പിടിച്ച് ഞാനും പ്രശാന്തകുമാറും കുറച്ചുസമയം കിടന്നു. പിന്നീടാണ് കരയ്ക്കെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഒപ്പം നീന്തിയ സഹപ്രവർത്തകൻ നഷ്ടപ്പെട്ട വേദനയാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ട വർക്കല സ്റ്റേഷനിലെ സി.പി.ഒ. പ്രശാന്തകുമാർ പങ്കുവെച്ചത്. ഞാനും ബാലുവും പരസ്പരം പിടിച്ച് താഴ്ന്നുപോകാതിരിക്കാൻ ശ്രമിച്ചു. വള്ളക്കാരൻ രക്ഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെയാണ് ബാലുവിനെ കാണാതായത്. പിന്നീട് രക്ഷപ്പെട്ട് കരയിലെത്തിയപ്പോഴും ബാലുവിനെ കണ്ടെത്തിയിരുന്നില്ല.
രക്ഷപ്പെട്ട ഇരുവരെയും വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകുകയും പരിശോധനകൾ നടത്തുകയും ചെയ്തു. മറ്റു പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ അധികനേരം ആശുപത്രിയിൽ കഴിയേണ്ടിവന്നില്ല. അപ്പോഴാണ് ബാലുവിന്റെ വിയോഗവാർത്തയെത്തിയത്.
മൂന്നുപേരെ രക്ഷിച്ചത് മധു
വക്കം: അഞ്ചുതെങ്ങ് കായലിൽ അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചത് വെന്നികോട് തെക്കേമാളികയിൽ മധുവാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മധു വീട്ടുവരാന്തയിലിരിക്കുമ്പോഴാണ് കായലിൽനിന്നു നിലവിളി കേട്ടത്. പുറത്തിറങ്ങിനോക്കുമ്പോൾ വെള്ളത്തിൽ നീന്തുന്നവരെയാണ് കണ്ടത്. ഓടിയിറങ്ങി വള്ളവുമെടുത്ത് നീന്തുന്നവർക്കടുത്തെത്തി. അവർ വള്ളത്തിൽപ്പിടിച്ച് നിന്നപ്പോഴാണ് ഒരാൾകൂടി അവർക്കൊപ്പമുണ്ടായിരുന്നുവെന്നറിഞ്ഞത്.
വള്ളത്തിൽ പിടികിട്ടിയവരെ ഉടൻതന്നെ കരയ്ക്കെത്തിച്ചു. ഇതിനിടെ കായലിൽ പണിയെടുക്കുന്നവരെല്ലാം വിവരമറിഞ്ഞെത്തി കായലിൽ തിരച്ചിൽ തുടങ്ങി. അപകടത്തിൽപ്പെട്ട വള്ളംപോലും കാണാനില്ലായിരുന്നു. അരമണിക്കൂറോളം തിരച്ചിൽ നടത്തിയപ്പോഴാണ് മുങ്ങിപ്പോയ പോലീസുകാരനെ കണ്ടെത്തിയത്. കരയ്ക്കെത്തിച്ച് ഉടൻതന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീടാണ് മുങ്ങിപ്പോയ വള്ളം ഉയർത്തിയെടുത്തത്.
കായലിൽ മീൻപിടിത്തമാണ് മധുവിന്റെ ജോലി. 40 വർഷമായി ഈ ജോലി ചെയ്യുന്നു.
ആദ്യമായാണ് ഈ ഭാഗത്ത് അപകടമുണ്ടായി ഒരാൾ മരിക്കുന്നതെന്ന് മധു പറയുന്നു. കായലിൽ ഇപ്പോൾ വെള്ളം കൂടുതലാണ്.
ഒഴുക്കുമുണ്ട്. അടിയിൽ ധാരാളം ചെളിയുമുണ്ട്. മുങ്ങിപ്പോയ പോലീസുകാരന് രക്ഷപ്പെടാൻ കഴിയാതിരുന്നതിന്റെ കാരണമിതെല്ലാമാണെന്നാണ് മധു പറയുന്നത്.
പത്തടിയിലേറെ ആഴം, ഇടതുകാൽ ചെളിയിൽ പുതഞ്ഞു
വക്കം: കായലിൽ മുങ്ങിത്താഴ്ന്ന ബാലുവിനെ കണ്ടെത്തിയത് തോണ്ടപ്പുറം അനശ്വരനിലയത്തിൽ സുനിൽകുമാർ.
കായലിൽ കക്കവാരുന്ന സുനിൽകുമാർ ശനിയാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പോലീസുകാർ കായലിൽ അപകടത്തിൽപ്പെട്ടതറിഞ്ഞത്. ഉടൻതന്നെ തിരിച്ചെത്തി. വള്ളം മുങ്ങിയഭാഗത്ത് ഒട്ടേറെപ്പേർ തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു. അവർക്കൊപ്പം തിരച്ചിൽ നടത്തി.
ഒരുഭാഗത്ത് പത്തടിയോളം ആഴത്തിൽ മുങ്ങിച്ചെന്നപ്പോൾ ആളെ കൈയിൽ തടഞ്ഞുവെന്ന് സുനിൽകുമാർ പറഞ്ഞു. തനിച്ചുയർത്താൻ കഴിയാഞ്ഞതിനാൽ കൂടെയുള്ളവരെ വിളിച്ചു. മൂന്നുനാലുപേർ കൂടിയെത്തിയാണ് മുങ്ങിത്താഴ്ന്ന് ഉയർത്തിയത്. ബാലുവിന്റെ ഇടതുകാൽ മുട്ടോളം ചെളിയിൽ പുതഞ്ഞിരുന്നു. ഇതുകൊണ്ടാകാം രക്ഷപ്പെടാൻ കഴിയാതിരുന്നത്. കാലിൽ ബൂട്ടുണ്ടായിരുന്നതിനാൽ ചെളിയിൽപുതഞ്ഞപ്പോൾ കാലു പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ലെന്നും സുനിൽകുമാർ പറഞ്ഞു.
രണ്ടുപേർക്കുള്ള വള്ളത്തിൽ കയറിയത് നാലുപേർ
വക്കം: സാധാരണ രണ്ടുപേർ കയറുന്ന വള്ളത്തിലാണ് ശനിയാഴ്ച നാലുപേർ കയറിയത്. വർക്കല സി.ഐ. വി.എസ്.പ്രശാന്ത്, പോലീസുകാരായ പ്രശാന്ത്കുമാർ, ബാലു എന്നിവരെക്കൂടാതെ വള്ളക്കാരൻ വസന്തകുമാറും വള്ളത്തിലുണ്ടായിരുന്നു.
തടിയിൽ നിർമിച്ച് ഫൈബർ പൊതിഞ്ഞ വള്ളമാണിത്. കായലിൽ മീൻപിടിക്കാൻ പോകാൻ എൻജിൻ ഘടിപ്പിച്ചിട്ടുണ്ട്. ഓളമടിച്ച് വള്ളത്തിൽ വെള്ളംകയറിയയുടൻ വള്ളക്കാരൻ എൻജിൻ നിർത്തി കരയിലേക്കു തിരിക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ വള്ളം മുങ്ങിപ്പോകുകയായിരുന്നു. എൻജിൻ ഘടിപ്പിച്ചിരുന്നതിനാലാണ് വള്ളം മുങ്ങിപ്പോയത്. ഇല്ലെങ്കിൽ വള്ളം മറിഞ്ഞാലും വെള്ളത്തിനു മുകളിൽ കമഴ്ന്നുകിടക്കുമായിരുന്നു. ഇതിൽപ്പിടിച്ചുകിടന്ന് രക്ഷപ്പെടാൻ കഴിയും. ആളെണ്ണം കൂടിയതും വള്ളം മുങ്ങിത്താഴ്ന്നതുമാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്.
പോലീസെത്തിയത് രഹസ്യവിവരത്തെത്തുടർന്ന്; ഒട്ടകം രാജേഷിനെ പിടികൂടാൻ തീവ്രശ്രമം
ആറ്റിങ്ങൽ: പോത്തൻകോട് സുധീഷ് വധക്കേസിലെ രണ്ടാംപ്രതി ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് കായലിലെ തുരുത്തിലുണ്ടെന്ന് പോലീസിനു രഹസ്യവിവരം ലഭിക്കുകയായിരുന്നു.
പണയിൽക്കടവിൽനിന്ന് ഒന്നരകിലോമീറ്റർ അകലെയുള്ള പൊന്നുംതുരുത്തിൽ ഒട്ടകം രാജേഷ് ഉണ്ടാകുമെന്നുള്ള കണക്കുകൂട്ടലിലായിരുന്നു പോലീസ്.
പ്രതി അവിടെനിന്നു രക്ഷപ്പെടുംമുമ്പ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ്. പോത്തൻകോട്, ചിറയിൻകീഴ്, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് വർക്കല സ്റ്റേഷനുകളിൽനിന്നുള്ള പോലീസ് സംഘം അന്വേഷണത്തിനായി രംഗത്തിറങ്ങിയിരുന്നു. ആദ്യമെത്തിയ വർക്കല സി.ഐ.യും സംഘവും പൊന്നുംതുരുത്തിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.
സഹപ്രവർത്തകന്റെ മരണവാർത്ത പോലീസ് സംഘത്തെ മാനസികമായി ഉലച്ചെങ്കിലും പ്രതി വഴുതിപ്പോകാതിരിക്കാനുള്ള നടപടികളുമായി അവർ മുന്നോട്ടുപോയി. ചിറയിൻകീഴ്, അഞ്ചുതെങ്ങ്, വക്കം കടയ്ക്കാവൂർ മേഖലകളിലെ ഗുണ്ടാത്താവളങ്ങളും ഒളിയിടങ്ങളും ശനിയാഴ്ച പോലീസ് റെയ്ഡ് നടത്തി. പൊന്നുംതുരുത്തുൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം തിരച്ചിൽ നടത്തുകയാണ്. മറ്റൊരിടത്തേക്കും രക്ഷപ്പെടാനനുവദിക്കാതെ ഒട്ടകം രാജേഷിനെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്.
സുധീഷ് വധക്കേസിനുപുറമേ രണ്ട് കൊലക്കേസുൾപ്പെടെ അമ്പതോളം കേസുകളിൽ പ്രതിയാണ് ഒട്ടകം രാജേഷ്. സുധീഷ് വധത്തിലെ സൂത്രധാരൻ ഇയാളാണെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ആളെ സംഘടിപ്പിച്ചതും എങ്ങനെ വേണമെന്ന് ആസൂത്രണം നടത്തിയതുമെല്ലാം ഒട്ടകം രാജേഷിന്റെ നേതൃത്വത്തിലാണ്.