തിരുവനന്തപുരം > ദുബായ് എക്സ്പോയിൽ പങ്കെടുക്കാനും യുഎഇ സർക്കാർ കേരളത്തിന് വാഗ്ദാനം ചെയ്ത പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഫെബ്രുവരിയിൽ ദുബായ് സന്ദർശിക്കും. യുഎഇ സർക്കാരിന്റെ ക്ഷണപ്രകാരമാണ് യാത്ര.
കോവിഡ് പ്രതിസന്ധിക്കിടെ ആദ്യമായാണ് മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലുലുമാൾ ഉദ്ഘാടനത്തിനെത്തിയ യുഎഇ വിദേശ വാണിജ്യമന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദി മുഖ്യമന്ത്രിയെ ദുബായ് എക്സ്പോയിലേക്ക് ക്ഷണിച്ചിരുന്നു.
കേരളത്തിൽ മെഗാ ഫുഡ്പാർക്ക് സ്ഥാപിക്കുമെന്നും യുഎഇ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഫുഡ്പാർക്കിന്റെ സാങ്കേതിക കാര്യങ്ങളടക്കം മുഖ്യമന്ത്രി യുഎഇ ഭരണാധികാരികളുമായി ചർച്ച ചെയ്യും. ദുബായ് റെഡ്ക്രസന്റുമായുള്ള വടക്കാഞ്ചേരി ലൈഫ് ഭവനസമുച്ചയം പൂർത്തിയാക്കുന്നതിനുള്ള നടപടിയും ചർച്ചയാകും.
സഹായം നൽകാമെന്ന് യുഎഇ മന്ത്രി പറഞ്ഞിരുന്നു.