തിരുവനന്തപുരം > മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ അരി നൽകണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖംതിരിച്ച് കേന്ദ്രം. അധികമായി അനുവദിക്കുന്ന അരിക്ക് കിലോയ്ക്ക് 28 രൂപ നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. കാലവർഷക്കെടുതി രൂക്ഷമായതിനെത്തുടർന്ന് 50,000 ടൺ അരി അധികമായി അനുവദിക്കണമെന്ന് ഒക്ടോബറിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി നവംബറിൽ നൽകിയ കത്തിൽ അരി നൽകാമെങ്കിലും ഉയർന്ന നിരക്ക് വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. എന്നാൽ, മുൻഗണനാ വിഭാഗത്തിന് നൽകുന്ന നിരക്കിൽ അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് സംസ്ഥാനം കേന്ദ്രത്തിന് കത്ത് നൽകി. 28 രൂപ നിരക്കിൽ അരി വാങ്ങാൻ 140 കോടിയോളം രൂപ ചെലവ് വരും.
ഒക്ടോബറിലെ കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് കനത്ത നാശനഷ്ടമുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളിലും ദുരിതബാധിത മേഖലകളിലുമെല്ലാം സംസ്ഥാന സർക്കാർ സൗജന്യമായി അരിയും ധാന്യങ്ങളും എത്തിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് 50,000 ടൺ അരി അധികമായി സർക്കാർ ആവശ്യപ്പെട്ടത്.
2018ലെ പ്രളയകാലത്ത് അധിക വിഹിതമായി അനുവദിച്ച 89,540 ടൺ ധാന്യത്തിന് 205.81 കോടിരൂപ ഉടൻ നൽകാനാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് മൂന്നുതവണ കത്ത് നൽകിയിരുന്നു.
കുറഞ്ഞ നിരക്കിൽ അരി ലഭ്യമാക്കണം: മന്ത്രി
കുറഞ്ഞ നിരക്കിൽ അരി ലഭ്യമാക്കാനാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടതെങ്കിലും കേന്ദ്രം ആവശ്യപ്പെടുന്ന തുക സംസ്ഥാനത്തിന് താങ്ങാനാകുന്നതല്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു. തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്ന ഭക്ഷ്യമന്ത്രിമാരുടെ സമ്മേളനത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.