മാഡ്രിഡ് > ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ കടന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ്. സിംഗിൾസ് സെമിയിൽ ഒപ്പത്തിനൊപ്പം പൊരുതിയ ഇന്ത്യയുടെതന്നെ ലക്ഷ്യ സെന്നിനെ 17-21, 21-14, 21-17ന് കീഴടക്കി.
വീറുറ്റ പോരാട്ടം ഒരുമണിക്കൂറും ഒമ്പതു മിനിറ്റും നീണ്ടു. കഴിഞ്ഞതവണ പി വി സിന്ധു വനിതാ സിംഗിൾസിൽ സ്വർണം നേടിയിരുന്നു. തോറ്റതോടെ ലക്ഷ്യ സെൻ വെങ്കലം നേടി. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലിൽ മുൻ ലോക ഒന്നാംറാങ്കുകാരനായ ശ്രീകാന്ത്, ലോ കി യു (സിംഗപ്പുർ)-ആൻഡേഴ്സ് അന്റോൺസൺ (ഡെൻമാർക്ക്) മത്സരവിജയിയെ നേരിടും.
ആദ്യ ലോക ചാമ്പ്യഷിപ്പിന് ഇറങ്ങിയ ഇരുപതുകാരൻ ലക്ഷ്യ ഉശിരൻ പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം നഷ്ടമായശേഷം തിരിച്ചടിച്ച ശ്രീകാന്തിന് പരിചയസമ്പത്ത് തുണയായി. നിർണായകമായ മൂന്നാംഗെയിമിലും മുന്നിട്ടുനിന്നശേഷമാണ് ഉത്തരാഖണ്ഡിലെ അൽമോറയിൽനിന്നുള്ള ലക്ഷ്യയുടെ കീഴടങ്ങൽ.
ആന്ധ്രക്കാരനായ ശ്രീകാന്തിന്റെ ലീഡോടെയാണ് ആദ്യഗെയിം തുടങ്ങിയത്. എന്നാൽ, ഒപ്പംപിടിച്ച ലക്ഷ്യ മുന്നിൽ കയറി. രണ്ടാംഗെയിമിൽ ക്ഷീണിച്ച ലക്ഷ്യക്കെതിരെ 21 മിനിറ്റിൽ ഗെയിം നേടി ഒപ്പമെത്തി. അവസാന ഗെയിമിൽ ഒപ്പത്തിനൊപ്പമായിരുന്നു. പിന്നീട് ലീഡ് മാറിമറിഞ്ഞു. ഒടുവിൽ 30 മിനിറ്റിൽ ശ്രീകാന്ത് ഗെയിമും കളിയും പിടിച്ചു.