തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് എത്തിയ രണ്ടുപേർക്കും മലപ്പുറത്ത് ഒരാൾക്കും തൃശ്ശൂർ സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു.
തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഒരാൾ യു.കെയിൽനിന്ന് എത്തിയ 17 -കാരനും ഒരാൾ ടുണീഷ്യയിൽനിന്ന് എത്തിയ 44- കാരനുമാണ്.മലപ്പുറത്ത് ടാൻസാനിയയിൽനിന്ന് എത്തിയ 37-കാരനും തൃശ്ശൂരിൽ കെനിയയിൽനിന്ന് എത്തിയ 49-കാരിക്കും രോഗം സ്ഥിരീകരിച്ചു.
കേന്ദ്ര മാർഗനിർദ്ദേശങ്ങൾ പ്രകാരം കെനിയ, ടുണീഷ്യ എന്നീ രാജ്യങ്ങൾ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നതല്ല. അതിനാൽ ഇവിടെനിന്ന് എത്തിയവർക്ക് സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവരെ പരിശോധനയ്ക്ക് വിധേയരാക്കിയത്. തിരുവനന്തപുരത്ത് ഒമിക്രോൺ സ്ഥിരീകരിച്ച 17 കാരൻ ഡിസംബർ ഒൻപതിന് അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് യു.കെയിൽനിന്ന് എത്തിയത്. ഈ യുവാവിന്റെ മുത്തശ്ശിയടക്കം സമ്പർക്ക പട്ടികയിലുണ്ട്. അവരെല്ലാം നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഒമിക്രോൺ ബാധിച്ച എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.