മലപ്പുറം: മലപ്പുറത്ത് ഒരാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14ന് ഒമാനിൽ നിന്നെത്തിയ 36 വയസുള്ളമംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.
രോഗം സ്ഥിരീകരിച്ച വ്യക്തി നേരത്തെ ടാൻസാനിയ സന്ദർശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ ശേഷം നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. അതിന് ശേഷം കൃത്യമായ യാത്രാരേഖകൾ പരിശോധിച്ചതിൽ നിന്നാണ് ഇദ്ദേഹം ടാൻസാനിയയിൽ രണ്ടാഴ്ച മുൻപ് സന്ദർശനം നടത്തിയെന്ന വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒമിക്രോൺ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് ഇദ്ദേഹത്തിന് ഒമിക്രോൺ സ്ഥിരീകരിക്കുന്നത്.
മലപ്പുറത്തും ഒമിക്രോൺ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഡിഎംഒയുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേരുകയാണ്. എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന കാര്യത്തിലും തീരുമാനം ഉടൻ ഉണ്ടാകും. രോഗം സ്ഥിരീകരിച്ചമംഗളൂരു സ്വദേശി സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ ഇതിനോടകം തന്നെ നിർദ്ദേശം നൽകിയതായാണ് വിവരം.
Content highlights:omicron confirmed for mangaluru native from oman at malappuram